തിരുവനന്തപുരം: യുഡിഎഫ് പുകച്ച് പുറത്ത് ചാടിച്ച ജോസ് കെ മാണിക്ക് ഇടതുമുന്നണി രാഷ്ട്രീയ അഭയം നൽകുമെന്ന അഭ്യൂഹം ശക്തമായി. ജോസ് കെ മാണി വിഭാഗത്തെ പുകഴ്‌ത്തി കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനവും അതിന്റെ ചുവടുപിടിച്ച് എ. വിജയരാഘവൻ നടത്തിയ പ്രസ്‌താവനയും ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് അടുക്കുന്നുവെന്നതിന്റെ സൂചന നൽകുന്നു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് നേതാക്കൾ പരസ്യമായി പറയുന്നതെങ്കിലും അനൗദ്യോഗികമായ ചർച്ചകൾ പല കോണുകളിലും നടക്കുന്നുണ്ട്.
സിപിഎം നിലപാടിൽ സന്തോഷമുണ്ടെന്നായിരുന്നു കോട്ടയത്ത് ജോസ് കെ മാണി പ്രതികരിച്ചത്. കേരള കോൺഗ്രസ് വളരെ അടിത്തറയുള്ള പ്രസ്ഥാനമാണെന്നും അതിന് മദ്ധ്യതിരുവിതാംകൂറിൽ ശക്തിയുണ്ടെന്നും എൽ.ഡി.എഫ് കൺവീനറിനും കോടിയേരിക്കുമറിയാം. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ആലോചനയും ചർച്ചയും നടത്തിയിട്ടില്ല. കേരള കോൺഗ്രസ് സുരക്ഷിതമാണ്.ആരെങ്കിലും ഞങ്ങൾ നല്ലവരാണെന്ന് പറഞ്ഞാൽ സന്തോഷമേ ഉള്ളൂവെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസിന്റെ നിലയും ബലവും അറിയാം. പ്രതിസന്ധികളും പരീക്ഷണങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. യു.ഡി.എഫ് കാട്ടിയത് വലിയ അനീതിയാണ്. ചെറിയ ഒരു തദ്ദേശസ്ഥാപനത്തിന്റെ പേരിലാണ് മുപ്പത്തിയെട്ട് വർഷം കൂടെ നിന്ന പാർട്ടിയെ പുറത്താക്കിയതെന്നും ജോസ് കെ മാണി ആവർത്തിച്ചു. ഇനി യുഡിഎഫിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് ജോസ് കെ മാണിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. തങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിയ യു.ഡി.എഫ് നേതൃത്വത്തിന് തിരിച്ചടി നൽകണമെന്ന് തന്നെയാണ് ജോസ് പക്ഷത്തിലുള്ള നേതാക്കളുടെയും അഭിപ്രായം.
ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷി തന്നെയാണെന്നായിരുന്നു എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞത്. അവരുടെ മുന്നണി പ്രവേശനം ഇടതുമുന്നണി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് ഐക്യത്തോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും എന്നതിന്റെ അർത്ഥം സിപിഐയേയും എൻസിപിയേയും സിപിഎം മെരുക്കിയെടുക്കും എന്നു തന്നെയാണ്. സംസ്ഥാന സർക്കാരിന് തുടർഭരണം കിട്ടാൻ മദ്ധ്യതിരുവിതാകൂറിൽ ജോസ് വിഭാഗത്തെ കൂടി കൂടെ നിർത്തുന്നത് ബുദ്ധിയാണെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.
യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസെന്നായിരുന്നു കോടിയേരി വ്യക്തമാക്കിയത്. കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി ലേഖനത്തിൽ എടുത്തു പറയുന്നു. രാഷ്ട്രീയരംഗത്ത് വരുന്ന മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കോടിയേരി അവകാശപ്പെടുന്നു.
മുഖ്യമന്ത്രിക്കും ജോസ് പക്ഷം മുന്നണിയിലേക്ക് വരുന്നതിൽ ഇഷ്ടകേടൊന്നുമില്ല. രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണ് നിലപാട് വരുന്നത്. സാഹചര്യമനുസരിച്ച് തീരുമാനിക്കാം. അവർക്ക് എൽഡിഎഫിലേക്ക് വരാനുള്ള യോഗ്യതയുണ്ടോ എന്നത് പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം ആയിട്ടില്ല. ഇപ്പോൾ അത് യുഡിഎഫിന്റെ ആഭ്യന്തര കാര്യമാണ്. മറ്റു കാര്യങ്ങൾ തുറന്നു വരേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |