കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് എൻ.സി.പി. ജോസ് കെ മാണി വിഭാഗം എൽ.ഡി.എഫിൽ വന്നാൽ സ്വാഗതം ചെയ്യുമെന്ന് പാല എം.എൽ.എയും എൻ.സി.പി നേതാവുമായ മാണി സി കാപ്പൻ പ്രതികരിച്ചു. മുന്നണി പ്രവേശനമുണ്ടായാലും പാലാ സീറ്റ് എൻ.സി.പിക്കുള്ളതാണ്. അത് വിട്ടുനൽകണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.
ജോസ് കെ മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് എൽ.ഡി.എഫ് ആണ്. മുന്നണിയുടെ തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. ജോസ് വിഭാഗത്തെ അനുകീലിച്ച് ഇന്ന് പാർട്ടി മുഖപത്രത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലേഖനം എഴുതിയിരുന്നു.
ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിയാണെന്നും അവർ നിലപാട് വ്യക്തമാക്കിയാൽ മുന്നണി പ്രവേശനം സംബന്ധിച്ച് എൽ.ഡി.എഫ് പ്രതികരിക്കുമെന്നുമായിരുന്നു ഇതു സംബന്ധിച്ച എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ പ്രതികരണം. യു.ഡി.എഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എൽ.ഡി.എഫ് പ്രതികരിക്കുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |