കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മെല്ലെ അയയുന്നതായി സൂചിപ്പിച്ച്, കഴിഞ്ഞമാസം ഇ-വേ ബില്ലുകൾ 4.27 കോടിയായി ഉയർന്നു. ജൂൺ 30ന് മാത്രം 54,500 കോടി രൂപ മതിക്കുന്ന 18.32 ലക്ഷം ഇ-വേ ബില്ലുകൾ ഉണ്ടാക്കപ്പെട്ടു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷം ഒരുദിവസം ഇ-ബില്ലുകളിൽ ഉണ്ടാവുന്ന ഏറ്റവും വലിയ വർദ്ധനയാണിത്. ഇതിനുമുമ്പ്, ഈവർഷം ഇ-വേ ബിൽ രേഖപ്പെടുത്തിയ പ്രതിദിന കുതിപ്പ് ഫെബ്രുവരി 29ലെ 25.20 ലക്ഷമാണ്.
മാർച്ചിൽ ഇ-വേ ബില്ലുകളുടെ എണ്ണം 4.03 കോടിയായിരുന്നുവെന്നാണ് ജി.എസ്.ടി നെറ്ര്‌വർക്കിന്റെ (ജി.എസ്.ടി.എൻ) കണക്ക്. ജി.എസ്.ടി നിയമപ്രകാരം 50,000 രൂപയ്ക്കുമേലുള്ള ചരക്ക് ഒരുസ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് (ചുരുങ്ങിയത് 10 കിലോമീറ്രർ ദൂരം) കൊണ്ടുപോകുമ്പോൾ, യാത്രാവേളയിൽ കൈവശം കരുതേണ്ട രേഖയാണ് ഇ-വേ ബിൽ. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തിയാണ് ഇ-വേ ബിൽ ജനറേറ്റ് ചെയ്യേണ്ടത്.
വെബ്‌സൈറ്ര് വഴിയോ എസ്.എം.എസ് വഴിയൊ ഇതു ജനറേറ്റ് ചെയ്യാം. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ വിവരം ഉൾപ്പെടെ ഇ-വേ ബില്ലിൽ വേണം. ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ അത് ഹാജരാക്കുകയും വേണം. 100 കിലോമീറ്രറിൽ താഴെയുള്ള ചരക്കുനീക്കത്തിന് 24 മണിക്കൂറും അതിനുമുകളിലെ ദൂരത്തിന് ആനുപാതികമായി അധികസമയവും ലഭിക്കും. ചരക്കുനീക്കം നിശ്‌ചിതസയമത്തിനകം നടന്നില്ലെങ്കിൽ പുതിയ ഇ-വേ ബിൽ വേണ്ടിവരും.
ഇ-വേ ബിൽ
ജി.എസ്.ടി നിയമപ്രകാരം 50,000 രൂപയ്ക്കുമേലുള്ള ചരക്ക് ഒരുസ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ, യാത്രാവേളയിൽ കൈവശം കരുതേണ്ട രേഖയാണ് ഇ-വേ ബിൽ.
കരകയറ്റം
രാജ്യത്ത് വാണിജ്യ-വ്യവസായ രംഗം വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ്, ചരക്കുനീക്കം വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്ന ഇ-വേ ബിൽ വർദ്ധന.
20 ലക്ഷം
കൊവിഡിന് മുമ്പ്, ശരാശരി 20 ലക്ഷം ഇ-വേ ബില്ലുകളാണ് പ്രതിദിനം രാജ്യത്ത് ജനറേറ്ര് ചെയ്യപ്പെട്ടിരുന്നത്. ജൂൺ 30ന് ഇ-വേ ബില്ലുകൾ 18 ലക്ഷം കടന്നത്, വരും ദിനങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്നതിന്റെ സൂചനയാണെന്ന് ജി.എസ്.ടി.എൻ അധികൃതർ പറയുന്നു.
ലോക്ക്ഡൗണും
ഇ-വേ ബില്ലും
(ലോക്ക്ഡൗണിന് മുമ്പും ലോക്ക്ഡൗണിലും ഇ-വേ ബിൽ ജനറേഷൻ അവസ്ഥ)
ഫെബ്രുവരി 29 : 25.20 ലക്ഷം
മാർച്ച് 25 : 49,000
ഏപ്രിൽ 19 : 1.60 ലക്ഷം
മേയ് 10 : 3.16 ലക്ഷം
മേയ് 14 : 8.78 ലക്ഷം
ജൂൺ 7 : 5.70 ലക്ഷം
ജൂൺ 30 : 18.32 ലക്ഷം
ജി.എസ്.ടി
സമാഹരണം
(തുക കോടിയിൽ)
ഏപ്രിൽ : ₹32,294
മേയ് : ₹62,009
ജൂൺ : ₹90,917
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |