കൊച്ചി : വാഹനാപകടത്തിൽ ഭർത്താവു മരിച്ച സ്‌ത്രീക്ക് നഷ്ടപരിഹാരത്തിനുള്ള അർഹത പുനർവിവാഹത്തിലൂടെ നഷ്ടമാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2002ൽ മൂവാറ്റുപുഴ സ്വദേശി അനിൽ എബ്രഹാം അപകടത്തിൽ മരിച്ചതിനെത്തുടർന്ന് മോട്ടോർ ആക്‌സിഡന്റ് ക്ളെയിം ട്രൈബ്യൂണൽ നിശ്ചയിച്ച തുക കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഭാര്യയും രക്ഷിതാക്കളും നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
എറണാകുളം - പാലാരിവട്ടം റോഡിൽവച്ച് കാറിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന അനിൽ മരിച്ചത്. അനിലിന്റെ വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനുള്ളള്ളിലായിരുന്നു അപകടം. പിന്നീട് 2005ൽ യുവതി പുനർവിവാഹം കഴിച്ചെന്നും ആ നിലയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ഇൻഷ്വറൻസ് കമ്പനി വാദിച്ചു. ഇതു തള്ളിയാണ് ഹൈക്കോടതി വിധിപറഞ്ഞത്.ട്രൈബ്യൂണൽ 7,64,500 രൂപയാണ് വിധിച്ചത്. ഇതു കുറവാണെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവിധ വസ്തുതകൾ കണക്കിലെടുത്ത് 23.2 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും തുക ഒരുമാസത്തിനുള്ളിൽ പലിശസഹിതം നൽകണമെന്നും നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |