മട്ടന്നൂർ : 2018 ഡിസംബർ എട്ടിന് ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളത്തിൽ ഇതുവരെ പിടികൂടിയത് 38.26 കോടിയോളം രൂപ വിലവരുന്ന 77.800 കിലോ സ്വർണം. കൊവിഡ് കാലയളവിൽ അഞ്ച് തവണയാണ് കണ്ണൂരിൽ സ്വർണം പിടികൂടിയത്. ഈ വർഷം ഇതുവരെ 23 തവണയും. കൊവിഡിനെ തുടർന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാനങ്ങളിൽ കടത്താൻ ശ്രമിച്ച 89 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞ മാസം പിടികൂടിയിരുന്നു. മൂന്നു പേരാണ് വിവിധ ചാർട്ടേർഡ് വിമാനങ്ങളിൽ സ്വർണം കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് 51 കിലോയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) 26.08 കിലോയുമാണ് യാത്രക്കാരിൽ നിന്ന് കണ്ടെടുത്തത്. 2019 ആഗസ്റ്റ് 19 ന് നാലു പേരിൽ നിന്നായി 11.9 കിലോ സ്വർണം പിടിച്ചതാണ് വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ട. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കടത്തിന് ഒത്താശ ചെയ്തതിന് കണ്ണൂർ വിമാനത്താവളത്തിലെ ഡൽഹി സ്വദേശികളായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഡി.ആർ.ഐ. അറസ്റ്റ് ചെയ്തിരുന്നു. കടത്തുകാരിൽ രണ്ടുപേരെ കോഫെപോസ പ്രകാരം ജയിലിലടച്ചിട്ടുണ്ട്.
രണ്ടുദിവസം 2.651 കിലോ
ഏറ്റവുമൊടുവിൽ ഇന്നലെ വൈകിട്ട് ദുബായിൽ നിന്ന് വന്ന എഫ് സെഡ് 4717 ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് 600 ഗ്രാം സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി അരയിൽ സൂക്ഷിച്ച നിലയിലായിരുന്നു 28 ലക്ഷം രൂപ വില വരുന്ന സ്വർണം. മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ഇർഫാനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
അടിവസ്ത്രം മുതൽ ടോയ് ലറ്റിൽ വരെ
പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചു കടത്തുകയാണ് ഇവിടെ പതിവു രീതി. വൈദ്യുതോപകരണങ്ങൾ മുതൽ പാത്രം കഴുകുന്ന സ്ക്രബറിനുള്ളിൽ ഒളിപ്പിച്ചു വരെ സ്വർണം കടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |