തിരുവനന്തപുരം : യു.എ.ഇയുടെ നയതന്ത്ര പരിരക്ഷ ദുരുപയോഗിച്ച് 30കിലോ സ്വർണം കടത്തിയത് കസ്റ്റംസിനെ അറിയിച്ചയാൾക്ക് 45ലക്ഷം രൂപ പാരിതോഷികം കിട്ടും. ഉദ്യോഗസ്ഥർ നേരിട്ടാണ് പിടിച്ചതെങ്കിൽ അവർക്കും കിട്ടും 20ലക്ഷം രൂപ.
വിവരം നൽകിയ ആളിന്റെ പേരും മറ്റ് വിവരങ്ങളും കസ്റ്റംസ് അതീവരഹസ്യമായി സൂക്ഷിക്കും. ഒരു കിലോ സ്വർണ്ണം പിടിച്ചാൽ വിവരം നൽകിയ ആൾക്ക് ലഭിക്കുന്നത് ഒന്നര ലക്ഷം രൂപയാണ്. അങ്ങനെയാണ് മുപ്പതുകിലോ സ്വർണത്തിന് 45ലക്ഷം കിട്ടുക. സ്വർണക്കടത്ത് വർദ്ധിച്ചതോടെയാണ് കിലോയ്ക്ക് അമ്പതിനായിരം രൂപയായിരുന്ന പ്രതിഫലം ഒന്നര ലക്ഷമാക്കിയത്.
സ്വർണം കടത്തിയ പ്രതികളെ പിടിച്ചാൽ പാരിതോഷികത്തിന്റെ പകുതി ദിവസങ്ങൾക്കുള്ളിൽ കസ്റ്റംസ് മുൻകൂർ ആയി നൽകും. വിവരം നൽകിയയാളുടെ വിരലടയാളം സൂക്ഷിക്കും. അന്വേഷണം പൂർത്തിയാവുമ്പോൾ വിരലടയാളം ഒത്തുനോക്കി ബാക്കി തുക നൽകും. കസ്റ്റംസ് കമ്മിഷണറായിരിക്കും പാരിതോഷികം കൈമാറുക. പണമായി തന്നെ നൽകണമെന്നാണ് ചട്ടം. കസ്റ്റംസ് ഉദ്യോഗസ്ഥർക്കാണ് പ്രതിഫലം ലഭിക്കുന്നതെങ്കിൽ, സംഘാംഗങ്ങൾക്ക് വീതിച്ചെടുക്കാം. എ-ക്ലാസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികത്തിന് അർഹതയില്ല.
കടത്തിയ സ്വർണത്തിന്റെ വിലയുടെ 12.5ശതമാനമാണ് ഡ്യൂട്ടി. മൂന്ന് ശതമാനം ജി.എസ്.ടിയും നൽകണം. സ്വപ്നയും സംഘവും കടത്തിയ 30കിലോഗ്രാം സ്വർണത്തിന് 15കോടി വിലയുണ്ട്. നികുതി അടച്ചില്ലെങ്കിൽ സ്വർണം സർക്കാരിലേക്ക് കണ്ടുകെട്ടും. ഒരുകോടിക്ക് മുകളിലുള്ള കള്ളക്കടത്ത് പിടിച്ചാൽ കൊഫെപോസ ചുമത്താനാവും. കൊഫെപൊസ പ്രകാരം അറസ്റ്റിലായാൽ ഒരു വർഷംവരെ കരുതൽ തടങ്കലിലാക്കും. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർ അംഗങ്ങളായ ഉപദേശക സമിതിക്ക് അപ്പീലും ഹൈക്കോടതിയിൽ റിട്ട് ഹർജിയും നൽകാം. തള്ളിയാൽ സ്വത്ത് കണ്ടുകെട്ടാം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |