കൊവിഡിനെതിരെ പുകയിലയിൽ നിന്നും വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി സിഗരറ്റ് നിർമാണ കമ്പനി. സിഗരറ്റ് നിർമാതാക്കളായ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോയാണ് പുകയിലയിലൂടെ കൊവിഡിന് വാക്സിൻ നിർമിച്ചത്. പുകയിലയുടെ ഇലകളിൽ നിന്നും വേർതിരിച്ചെടുത്ത പ്രോട്ടീൻ ഉപയോഗിച്ചാണ് വാക്സിൻ തയ്യാറാക്കിയിട്ടുളളത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
മനുഷ്യ പ്രതിരോധവ്യവസ്ഥയിൽ നിന്നും അനുകൂല ഫലങ്ങളാണ് പ്രീ ക്ലിനിക്കൽ ട്രയലുകളിലെല്ലാം ലഭിച്ചതെന്നും കമ്പനി പറയുന്നു. കൊവിഡിന് കാരണമാകുന്ന സാർസ് കൊവ് 2 വൈറസിന്റെ ജനിതകഘടന മനസ്സിലാക്കിയാണ് പുകയിലയുടെ ഇലകളിൽ നിന്നും വാക്സിൻ വികസിപ്പിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഈ രീതിയിലൂടെ വളരെ പെട്ടെന്ന് വാക്സിൻ വികസിപ്പിക്കാനാവുമെന്നാണ് കമ്പനിയുടെ വാദം.പുകവലി ശീലം കൊവിഡ് രോഗം വർദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .ഈ സാഹചര്യത്തിലാണ് പുകയിലയിൽ നിന്നു തന്നെ കൊവിഡിനെതിരായ പ്രതിരോധ വാക്സിൻ വരുന്നു എന്ന വാർത്ത പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |