തിരുവനന്തപുരം: നാണയം വിഴുങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരൻ പൃഥ്വിരാജിനെയും കൂട്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന അമ്മയെയും അമ്മുമ്മയെയും ആലുവായിൽ നിന്ന് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലെ ആശുപത്രിയിലേക്കും എത്തിച്ച ബാബു വറുഗീസ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പ്രശംസിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മകൻ തളർച്ച ബാധിച്ച് വീട്ടിൽ കിടക്കപ്പായയിൽ തന്നെയാണ്. കൊവിഡ് കാലമായതിനാൽ ഓട്ടവുമില്ല. എന്നിട്ടും മനുഷ്യത്വം വറ്റാതെ ഏറെ നേരം ഏറെദൂരവും ആ കുടുംബത്തോടൊപ്പം നിന്ന ബാബു വർഗീസിനെ നമസ്‌കരിക്കുന്നതായി കുമ്മനം രാജശേഖരൻ ഫേസ്ബുക്കിലിട്ട പോസ്‌റ്റിൽ പറയുന്നു.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഇവിടെ വായിക്കാം.
ബാബു വറുഗീസ് ഒപ്പം നമ്മളുണ്ട്,
നിങ്ങളാണ് നാടിന്റെ മാതൃക. കുട്ടി നാണയം വിഴുങ്ങിയതുമൂലം ചികിത്സക്ക് വേണ്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന അമ്മയെയും അമ്മുമ്മയെയും ആലുവായിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി എറണാകുളത്തു എത്തിച്ചു. തിരിച്ച് ആലപ്പുഴ ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിച്ചു. അഭിനന്ദനങ്ങൾ. നാടിന്റെ അഭിമാനമാണ് അങ്ങ്. സ്വന്തം മകൻ തളർന്ന് വീട്ടിൽ കിടക്കപ്പായിൽ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്പോഴും , ചികിത്സിക്കാൻ കടമെടുത്തു നട്ടം തിരിയുമ്പോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല. ആ അമ്മമാരുടെ കണ്ണീർ ബാബുവിന്റെ മനുഷ്യത്വത്തെ ഉണർത്തി.
തിരുവല്ലയിൽ വണ്ടിയിടിച്ചു മാരകമായ പരിക്കുകളോടെ രക്തം വാർന്നൊലിച്ചു കിടന്ന ബൈക്ക് യാത്രക്കാരനെ സഹായിക്കാൻ കൂട്ടം കൂടിനിന്നവരാരും തയ്യാറായില്ലെന്ന വാർത്ത കേട്ട് ഇന്നലെ തരിച്ചു നിന്ന "പ്രബുദ്ധ കേരളം " ഇന്ന് അങ്ങയെ ഓർത്തു അഭിമാനിക്കുന്നു. കോവിഡ്കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവർ ജോലിക്ക് ഒന്നും കിട്ടാനില്ല എന്ന എല്ലാവര്ക്കും അറിയാം. എന്നിട്ടും ത്യാഗത്തിന് തയ്യാറായി. ജീവിതത്തിന്റെ പരിക്കൻ യാഥാർത്ഥ്യങ്ങളെ നേരിൽ കണ്ടതിന്റെ അനുഭവസമ്പത്ത് അങ്ങയെ മഹാനാക്കുന്നു. ബാബു വറുഗീസ്, പ്രത്യാശയും പ്രതീക്ഷയുമാണ് അങ്ങ്. സ്വന്തം കുടുംബം കഷ്ടപ്പെടുമ്പോഴും ആ അമ്മയും കുഞ്ഞും അമ്മുമ്മയും അനുഭവിച്ച വേദന സ്വന്തം നെഞ്ചിലേറ്റുവാങ്ങിയ അങ്ങേയ്ക്ക് അനന്തകോടി നമസ്കാരം! അങ്ങ് ഉണർത്തിവിട്ട സേവന സന്നദ്ധതയുടെ പ്രചോദനാത്മകമായ ഉജ്ജ്വല വികാരം ഏവരുടേയും ഹൃദയത്തിൽ ഒരു പ്രചോദനമായി എന്നെന്നും ത്രസിക്കും, തുടിക്കും! ബാബു വറുഗീസ്, അങ്ങ് തനിച്ചല്ല. മകന്റെ ചികിത്സയ്ക്ക് ആവുന്ന എല്ലാ സഹായവും നൽകാൻ ഈ നാട്ടിൽ ജീവകാരുണികരായ സുമനസുകൾ മുന്നോട്ട് വരും ..ഒപ്പം നമ്മൾ ഉണ്ട്. Account Details:- Mr Babu Varghese. Ac No :- 14660100031694 Federal Bank , Aluva IFSC :- FDRL0001132
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |