ഹൂസ്റ്റൺ: പ്രഭാതസവാരിക്കിറങ്ങിയ ഇന്ത്യൻ വംശജയായ ഗവേഷകയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടെക്സാസിലെ പ്ളാന്റോ സിറ്റിയിൽ താമസിക്കുന്ന ശർമ്മിഷ്ഠ സെന്നിന്റെ (43) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഫാർമസിസ്റ്റായ ശർമ്മിഷ്ഠ തന്മാത്രാ ജീവശാസ്ത്രത്തിൽ (molecular biology) ഗവേഷണം നടത്തുന്നതോടൊപ്പം കാൻസർ രോഗികളെ പരിചരിക്കുന്നുമുണ്ട്. രണ്ട് കുട്ടികളുള്ള ശർമ്മിഷ്ഠ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധയുള്ളയാളാണ്. ലെഗസി ഡ്രൈവിലെ നദിക്കരികിലായി കിടന്ന മൃതദേഹം വഴിയാത്രക്കാരാണ് ആദ്യം കണ്ടത്.
ഉടൻ പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.ഇതുമായി ബന്ധപ്പെട്ട് 29 വയസുള്ള ബകരി അബിയോന മോൻക്രീഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊലപാതകം നടന്ന സമയത്ത് തന്നെ ലെഗസി ഡ്രൈവിന് അടുത്തുള്ള ഒരു ഫ്ളാറ്റിൽ മോഷണം നടന്നിരുന്നു. ഈ രണ്ട് സംഭവങ്ങൾക്കും എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |