SignIn
Kerala Kaumudi Online
Monday, 07 July 2025 1.47 PM IST

'മതവിശ്വാസിയല്ലാത്തത് കൊണ്ട് പ്രിയങ്കയുടെ വീക്ഷണങ്ങളോട് എനിക്ക് വലിയ യോജിപ്പൊന്നും ഇല്ല': പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് പ്രതികരിച്ച് വി.ടി ബൽറാം

Increase Font Size Decrease Font Size Print Page
vt-balram

അയോദ്ധ്യയിലെ ക്ഷേത്ര നിർമാണത്തെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് പ്രതികരിച്ച് കോൺഗ്രസ് എം.എൽ.എയായ വി.ടി ബൽറാം. മതവിശ്വാസി അല്ലാത്തതിനാൽ പ്രിയങ്ക ഗാന്ധിയുടെ നിലപാടിനോട് തനിക്ക് വലിയ യോജിപ്പൊന്നും ഇല്ലെന്നും അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ലെന്നും വി.ടി ബൽറാം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ലോകത്തെവിടെയായാലും ആരാധനാലയങ്ങൾ പണി കഴിപ്പിക്കുന്നത് പൊതുജനത്തിന് അവകാശപ്പെട്ട വിഭവങ്ങളുടെ പാഴാക്കികളയലാണെന്നും വി.ടി ബൽറാം ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

''ലോകത്തിൻ്റേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റേയും സംസ്ക്കാരത്തിൽ രാമായണത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം പതിഞ്ഞിട്ടുണ്ട്. ഭഗവാൻ രാമൻ, സീതാ മാതാവ്, രാമായണകഥ എന്നിവ ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സാംസ്ക്കാരികവും മതപരവുമായ ചിന്തകളിൽ ഒരു പ്രകാശപുഞ്ജമായി നിലകൊള്ളുകയാണ്. ഭാരതീയ ബൗദ്ധിക മണ്ഡലം രാമായണഗാഥകൾ വഴി ധർമ്മം, നീതി, കർത്തവ്യപാലനം, ത്യാഗം, ഉദാത്തത, സ്നേഹം, വീര്യം, സേവനം എന്നിങ്ങനെയുള്ള മൂല്യങ്ങളാൽ പ്രചോദിതമാണ്. വടക്കു മുതൽ തെക്ക് വരേക്കും കിഴക്കു മുതൽ പടിഞ്ഞാറു വരേക്കും വ്യത്യസ്ത രൂപങ്ങളിലാണ് രാമകഥ നിലനിന്നുപോരുന്നത്. ശ്രീഹരിയുടെ അസംഖ്യം രൂപങ്ങളേപ്പോലെത്തന്നെ രാമകഥകളും അനേകമാണ്.

യുഗയുഗാന്തരങ്ങളായി ഭഗവാൻ രാമൻ്റെ ചരിതം ഭാരതത്തിൽ മനുഷ്യസമൂഹത്തെ കൂട്ടിയോജിപ്പിക്കുന്ന ഒരു ചരടായി മാറിയിരുന്നു. ഭഗവാൻ രാമൻ ആശ്രയവും ത്യാഗവുമാണ്. രാമൻ ശബരിയുടേതാണ്, സുഗ്രീവൻ്റേതും. രാമൻ വാത്മീകിയുടേതാണ്, ഭാസൻ്റേതും. രാമൻ കമ്പൻ്റേതാണ്, എഴുത്തച്ഛൻ്റേതും. രാമൻ കബീറിൻ്റേതാണ്, തുളസീദാസിൻ്റേതും രവിദാസിൻ്റേതുമാണ്. എല്ലാവർക്കും നൽകുന്നവനാണ് രാമൻ. ഗാന്ധിജിയുടെ രഘുപതി രാഘവ രാജാ രാമൻ എല്ലാവർക്കും സദ്ബുദ്ധി നൽകുന്നവനാണ്. വാരിസ് അലി ഷാ പറയുന്നത് റബ്ബ് തന്നെയാണ് രാമൻ എന്നാണ്.

ദേശീയ കവി മൈഥിലീ ശരൺ ഗുപ്ത രാമനെ "ദുർബ്ബലൻ്റെ ബല"മെന്നാണ് വിശേഷിപ്പിക്കുന്നത്. യശശ്ശരീരനായ കവി നിരാലയാവട്ടെ തൻ്റെ വരികളിലൂടെ രാമനെ ശക്തിയുടെ മൗലിക ഭാവനയായിട്ടാണ് കാണുന്നത്. രാമൻ ധീരതയാണ്, രാമൻ കൂടിച്ചേരലാണ്, രാമൻ സംയമനമാണ്, രാമൻ സഹകരണമാണ്, രാമൻ എല്ലാവരുടേതുമാണ്. രാമൻ സകല മനുഷ്യരുടേയും നന്മയാണാഗ്രഹിക്കുന്നത്. അതിനാലാണവനെ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കുന്നത്.

വരാനിരിക്കുന്ന 2020 ആഗസ്ത് 5 ന് രാമ മന്ദിരത്തിൻ്റെ ഭൂമിപൂജയുടെ പരിപാടി വച്ചിരിക്കുകയാണ്. ഭഗവാൻ രാമൻ്റെ അനുഗ്രഹത്താൽ ഈ പരിപാടി അദ്ദേഹത്തിൻ്റെ യഥാർത്ഥ സന്ദേശമായ ദേശീയ ഐക്യവും, സാഹോദര്യവും സാംസ്ക്കാരിക സമന്വയവും പ്രസരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒന്നായി മാറട്ടെ."

പ്രിയങ്കാ ഗാന്ധി വാധ്രയുടെ ഹിന്ദിയിലെ സന്ദേശത്തിൻ്റെ എനിക്ക് മനസ്സിലായ പരിഭാഷയാണിത്. ഒറിജിനൽ വാക്കുകൾ ചിത്രമായി നൽകുന്നു. ഈ സന്ദേശമാണ് വലിയ വളച്ചൊടിക്കലുകൾക്കും വിവാദങ്ങൾക്കും ചാനൽ ചർച്ചകൾക്കും കേരളത്തിലിപ്പോൾ വഴിതെളിച്ചിരിക്കുന്നത്.

രാമസങ്കൽപ്പത്തെ പോസിറ്റീവായും നെഗറ്റീവായും പലരും ഉപയോഗപ്പെടുത്തിയതിൻ്റെ ചരിത്രം നമുക്കു മുന്നിലുണ്ട്. മത വൈരത്താൽ പരസ്പരം വാളെടുക്കുന്നവർക്ക് സദ്ബുദ്ധി നൽകാൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയടക്കമുള്ളവർ ഇന്നലെകളിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ സഹിഷ്ണുതയുടേയും ത്യാഗത്തിൻ്റേയും സഹോദര സ്നേഹത്തിൻ്റേയും ആ രാമസങ്കൽപ്പം ഓർമ്മപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ ഇവിടെ പ്രിയങ്ക ഗാന്ധി വാധ്ര ചെയ്യുന്നതായി കാണുന്നത്. ദേശീയ ഐക്യവും ഇന്ത്യയിലെ ജനങ്ങൾക്കിടയിലെ സാഹോദര്യവും തകർക്കാനുള്ള ഒന്നായി ആഗസ്ത് 5 ലെ പരിപാടിയെ മാറ്റുന്നവർക്കെതിരായ മുന്നറിയിപ്പും പ്രിയങ്ക നൽകുന്നു.

വ്യക്തിപരമായി ഒരു മത വിശ്വാസിയല്ലാത്തത് കൊണ്ടുതന്നെ പ്രിയങ്കയുടെ ഈ വീക്ഷണങ്ങളോട് എനിക്ക് വലിയ യോജിപ്പാന്നും ഇല്ല, അവരുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴും. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല. അയോധ്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും ഇനി പുതിയ അമ്പലങ്ങളും പള്ളികളുമൊക്കെ പണിയാൻ മെനക്കെടുന്നത് വേസ്റ്റ് ഓഫ് പബ്ലിക് റിസോഴ്സസ് ആണെന്നാണ് എൻ്റെ വ്യക്തമായ അഭിപ്രായം. പണ്ടത്തെ കാലത്ത് ഉണ്ടാക്കി വച്ചിട്ടുള്ളവ അവയുടെ ചരിത്ര പ്രാധാന്യവും ആർക്കിടെക്ച്ചറൽ മൂല്യവും ഒക്കെ പരിഗണിച്ച് മാന്യമായി സംരക്ഷിക്കപ്പെടണം എന്നേ എനിക്കുള്ളൂ.

അയോധ്യയിലാണെങ്കിൽ അങ്ങനെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നത് ഇന്ത്യ സ്വതന്ത്രമാവുമ്പോൾ, ഇന്ത്യ രാജഭരണവും വിദേശ ഭരണവുമൊക്കെ ഉപേക്ഷിച്ച് ഒരു ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക് ആയി മാറിയപ്പോൾ, അവിടെ എന്താണോ നിലനിന്നിരുന്നത് ആ സ്ട്രക്ച്ചറായിരുന്നു. ആ ഘട്ടത്തിൽ അതൊരു പളളിയായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കൂട്ടം ക്രിമിനലുകൾ അത് തല്ലിത്തകർത്തു കൊണ്ട് ഇപ്പോൾ പുതുതായി ഉണ്ടാക്കാൻ നോക്കുന്ന സ്ട്രക്ച്ചറിനോട് യാതൊരു വൈകാരിക അടുപ്പവും എനിക്ക് തോന്നുന്നില്ല. മതാന്ധതയുടേയും വർഗ്ഗീയതയുടേയും ആൾക്കൂട്ട വെറുപ്പിൻ്റേയും നിരപരാധികളുടെ ചോരച്ചൊരിച്ചിലിൻ്റേയുമൊക്കെ നിത്യസ്മാരകമായിട്ടാണ് ഈ പുതിയ കെട്ടിടം അവിടെ ഉയരാൻ പോകുന്നത് എന്നാണ് ഒരു ഭാരതീയ പൗരൻ എന്ന നിലയിൽ എൻ്റെ മനസ്സിൽ തോന്നുന്നത്.

ചിലർക്ക് മറിച്ച് അഭിപ്രായമുണ്ടാകാനുള്ള സ്വാതന്ത്ര്യത്തെ ഞാൻ തീർച്ചയായും മാനിക്കുന്നു. ഇന്ത്യയുടെ, പ്രത്യേകിച്ചും ഉത്തരേന്ത്യയുടെ, സോഷ്യൽ സൈക്കിയിൽ രാമൻ എന്ന പ്രതീകം ചെലുത്തുന്ന സ്വാധീനമെന്തെന്ന് സാമാന്യബുദ്ധിയും സാമാന്യ ലോക പരിചയവുമുള്ള മുഴുവനാളുകൾക്കും അറിയാം. ആ പ്രതീകത്തെ ഏകപക്ഷീയമായി തളളിക്കളയുകയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിൻ്റെ വൈകാരിക ഇന്ധനമായി വിട്ടുകൊടുക്കുകയും ചെയ്യുന്നത് ബുദ്ധിമോശമായി കരുതുന്നവരും ഒരുപാടുണ്ടാകാം. ഏത് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും വിജയിക്കണമെങ്കിൽ കൂടെ ജനങ്ങൾ വേണമല്ലോ!

ഓരോ സമൂഹത്തിൻ്റേയും രാഷ്ട്രീയ പ്രബുദ്ധതയുടേയും സാമൂഹിക വിവേകത്തിൻ്റേയുമടിസ്ഥാനത്തിലാണ് അവിടെ ചർച്ചയായി ഉയരുന്ന വിഷയങ്ങൾ തീരുമാനിക്കപ്പെടുന്നത്. ആയിരക്കണക്കിനാളുകൾ പാൻഡമിക് മൂലം ദിവസം തോറും മരിച്ചുവീഴുന്ന ഒരു രാജ്യത്ത് നല്ല ആശുപത്രികൾക്ക് പകരം ആരാധനാലയങ്ങളാണ് ഇപ്പോഴും ഭരണകൂടം നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, അത് നൽകുന്ന വൈകാരികാനുഭൂതിയാണ് ജനങ്ങൾക്കും പ്രധാനമെങ്കിൽ, പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും അമ്പലം പണി തുടങ്ങിയാൽ കൊറോണ വൈറസ് പമ്പയും ഗംഗയും സരയൂവുമൊക്കെ കടക്കും എന്നാണല്ലോ കേൾക്കുന്നത്. കാത്തിരുന്ന് കാണാം.

TAGS: VT BALRAM, KERALA, INDIA, PRIYANKA GANDHI, CONGRESS, RAM TEMPLE, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.