ആലപ്പുഴ: സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയ്ക്ക് മികച്ച നേട്ടം. 124-ാം റാങ്കുമായി കായംകുളം കണ്ടല്ലൂർ സ്വദേശിനി വീണ എസ്.സുധൻ, 346-ാം റാങ്ക് നേടിയ മാവേലിക്കര സ്വദേശി ഗോപു ആർ.ഉണ്ണിത്താൻ, 402-ാം റാങ്ക് നേടിയ വട്ടയാൽ സ്വദേശി ജി.ഗോകുൽ രാജ്, 614-ാം റാങ്കുമായി ജോൺ ജോർജ് ഡിക്കോത്തോ എന്നിവരാണ് ജില്ലയുടെ അഭിമാനമായത്.
ഇഷ്ടം ഫോറിൻ സർവീസ്: വീണ എസ്.സുധൻ
കഴിഞ്ഞ തവണ നേടിയ 299-ാം റാങ്ക് 124 ലേക്ക് ഉയർത്തിയിരിക്കുകയാണ് കണ്ടല്ലൂർ കടയിൽത്തറ വീട്ടിൽ വീണ എസ്.സുധൻ. റിട്ട.ആർമി ഉദ്യോഗസ്ഥൻ ശ്രീസുധന്റെയും ശ്രീലതയുടെയും ഇളയ മകളായ വീണ നിലവിൽ ലക്നൗവിലെ റെയിൽവേ ട്രാഫിക് സർവീസിൽ ട്രെയിനിയാണ്. കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിംഗ് വിജയിച്ച വീണയുടെ സ്കൂൾ വിദ്യാഭ്യാസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായിരുന്നു. ആർമി ഉദ്യോഗസ്ഥനായ അച്ഛന്റെ സ്ഥലം മാറ്റത്തിനൊപ്പം സ്കൂളുകൾ മാറിയതോടെ വ്യത്യസ്ത സംസ്കാരങ്ങളെ ചെറുപ്പത്തിൽ തന്നെ അടുത്തറിയാൻ സാധിച്ചെന്ന് വീണ പറയുന്നു. ഫോറിൻ സർവീസിൽ സേവനം ചെയ്യാനാണ് ഇഷ്ടം. കോളേജിൽ വെച്ചാണ് സിവിൽ സർവീസിനോട് ആഭിമുഖ്യം തോന്നിയതും പരിശ്രമം ആരംഭിച്ചതും. രാത്രി രണ്ടു മണിവരെയാണ് പഠനം നീളുക. പുലർച്ചെയെക്കാൾ തനിക്ക് പഠിക്കാൻ സൗകര്യം രാത്രി സമയമാണെന്ന് വീണ പറയുന്നു. സിലബസ് നോക്കിയായിരുന്നു പത്ര വായന പോലും. അടുത്ത ഘട്ടത്തിനു വേണ്ട പരിശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായും ഓരോ വിഷയത്തിലും സ്വന്തം അഭിപ്രായം വ്യക്തമാക്കാറുണ്ടെന്നും വീണ പറയുന്നു.
........................
പരിശ്രമവും ഭാഗ്യവും: ഗോകുൽ രാജ്
ആദ്യ ശ്രമങ്ങളിലെ പരാജയത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് 402-ാം റാങ്ക് സ്വന്തമാക്കിയ ഗോകുൽ രാജിന് പറയാനുള്ളത് പരിശ്രമത്തിന്റെ കഥയാണ്. ആദ്യ രണ്ട് ശ്രമങ്ങളിൽ പ്രിലിമിനറി പോലും കടക്കാനായില്ല, ആലപ്പുഴ തിരുവമ്പാടി വലിയകുളം കൃഷ്ണകൃപയിൽ ടൗൺ പ്ലാനിംഗിൽ ജൂനിയർ സൂപ്രണ്ടായിരുന്ന കെ.എം.രാജുവിന്റെയും ബിന്ദു കെ.രാജിന്റെയും മൂത്ത മകനായ ഗോകുൽ രാജിന്. 2017ൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബി ടെക് പൂർത്തിയാക്കി. ആദ്യ ശ്രമങ്ങളിൽ കടമ്പ കടക്കാനാവാതിരുന്ന ഗോകുൽ, ബി ടെക്കിന് ശേഷം സിവിൽ സർവീസിനായി തുനിഞ്ഞിറങ്ങി. സിവിൽ സർവീസ് അക്കാഡമിയിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി പഠനം മുന്നേറി. അങ്ങനെ മൂന്നാം ശ്രമത്തിൽ റാങ്ക് ജേതാവായി. പഠിക്കാൻ നിശ്ചിത സമയമൊന്നുമില്ല. പഠിക്കണമെന്ന് തോന്നുന്ന സമയങ്ങളിൽ പഠിക്കും. രാത്രിയോ പകലോ എന്നില്ല. എന്നിരുന്നാലും കൂടുതൽ സമയങ്ങളിലും രാത്രിയിലാണ് പഠനമെന്ന് ഗോകുൽ പറയുന്നു. സഹോദരൻ ഗോവിന്ദ് രാജ് ആലപ്പുഴ എസ്.ഡി കോളേജ് വിദ്യാർത്ഥിയാണ്.
......................
പരിശ്രമം തുടരും: ജോൺ ജോർജ് ഡിക്കോത്തോ
തന്റെ ആദ്യ ശ്രമത്തിൽ തന്നെ 614-ാം റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് ആലപ്പുഴ സീവ്യൂ വാർഡ് സ്വദേശി ജോൺ ജോർജ് ഡിക്കോത്തോ (23). ചെന്നൈയിലെ ലയോള കോളേജിൽ നിന്നു 2018ലാണ് ബിഎസ് സി ഫിസിക്സിൽ മികച്ച വിജയം നേടിയത്. പത്തു മുതൽ സിവിൽ സർവീസ് എന്ന ആഗ്രഹം മനസിൽ കുടിയേറിയതാണ്. സീ വ്യൂ വാർഡിലെ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം മുൻവികാരി ഫാ.സ്റ്റാൻലി പുളിമൂട്ടിലിന്റെ വാക്കുകളാണ് ജീവിതത്തിൽ പ്രചോദനമായത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന പിതാവ് കാൾട്ടനും അമ്മ ബർനസും സഹോദരിയും ജോണിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. അലോട്ട്മെന്റിൽ ലഭിക്കുന്ന സർവീസിൽ ചേരാനാണ് നിലവിലെ തീരുമാനം. എങ്കിലും ശ്രമം ഉപേക്ഷിക്കില്ല. വരും വർഷങ്ങളിലും മികച്ച റാങ്കിനായുള്ള പോരാട്ടം തുടരുമെന്ന് ജോൺ പറയുന്നു.
......................
'ക്വാറന്റൈൻ' കടന്നെത്തിയ മധുരം
346-ാം റാങ്ക് നേടിയ ഗോപു ആർ.ഉണ്ണിത്താൻ ഓണാട്ടുകരയുടെ അഭിമാനമായി. മാവേലിക്കര ബിഷപ്മൂർ വിദ്യാപീഠത്തിലെ പ്ലസ് ടു പഠന ശേഷം, കമ്പ്യൂട്ടർ സയൻസിൽ തിരുവനന്തപുരം സി.ഇ.ടി യിൽ നിന്ന് ബിടെക്കും ബംഗളുരു ഐ.ഐ.എസിൽ നിന്ന് എംടെക്കും കഴിഞ്ഞാണ് ഗോപു, സിവിൽ സർവീസിന് ശ്രമം നടത്തിയത്. പൊതുഭരണമായിരുന്നു ഓപ്ഷണൽ വിഷയം.
ജൂലായ് 21ന് ഡൽഹിയിൽ നടന്ന അഭിമുഖത്തിനു ശേഷം 23ന് നാട്ടിലെത്തിയ ഗോപു ക്വാറന്റൈനിലാണ്. രാഷ്ട്രീയ പഠനത്തോടും വായനയോടും ആഭിമുഖ്യം പുലർത്തുന്ന ഗോപു നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് നേടിയത്. തിരുവനന്തപുരം സിവിൽ സർവീസ് അക്കാഡമിയിലെ പ്രിലിമിനറി പഠനത്തിന് ശേഷം സ്വന്തം നിലയ്ക്കുള്ള പഠനത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്. കെ.എസ്.ഇ.ബി റിട്ട. അക്കൗണ്ട്സ് ഓഫീസർ മാങ്കാംകുഴി പുതിയവീട്ടിൽ തെക്കതിൽ രവീന്ദ്രനുണ്ണിത്താന്റെയും ചെറുകോൽ പോസ്റ്റ് ഓഫീസ് പോസ്റ്റ്മിസ്ട്രസ് സുഷമ ദേവിയുടെയും മകനാണ്. സഹോദരൻ: ദീപു ആർ.ഉണ്ണിത്താൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |