കാർഷിക വിപ്ളവവുമായി ആലപ്പുഴ സഹ.സ്പിന്നിംഗ് മിൽ
ആലപ്പുഴ : വികസനപാതയിൽ മുന്നേറുന്ന കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിൽ നൂൽ ഉത്പാദനത്തിനൊപ്പം കാർഷിക വിപ്ളവത്തിനും തയ്യാറെടുക്കുകയാണ് ജീവനക്കാരും മാനേജ്മെന്റും. മില്ലിന്റെ പരിസരത്തെ അഞ്ചേക്കറോളം വരുന്ന തരിശു സ്ഥലത്ത് ജൈവ പച്ചക്കറികൾ വിളഞ്ഞുതുടങ്ങി. 2018-19 ൽ മികച്ച പച്ചക്കറി കൃഷിക്കുള്ള ജില്ലാതല അവാർഡ് ലഭിച്ചതിന്റെ ഊർജ്ജമുൾക്കൊണ്ടാണ് ഇക്കുറി കൃഷി വിപുലമാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കൃഷി ഉദ്ഘാടനം ചെയ്തത് മന്ത്രി ഇ.പി.ജയരാജനാണ്. ഇവിടെ ഇല്ലാത്ത കൃഷികളൊന്നുമില്ല. വിളവെടുപ്പ് ചെറിയ രീതിയിൽ തുടങ്ങി. കൃഷി സീസൺ കഴിയുമ്പോഴേ മൊത്തത്തിലുള്ള വരുമാനവും ലാഭവും വ്യക്തമാവൂ.
ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെയും വിളകളുടെയും വിപണനത്തിന് ഒരു ഏജൻസിയുടെയും സഹായം വേണ്ടെന്നതാണ് പ്രത്യേകത. മുന്നൂറോളം പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വന്തം കാന്റീൻ പ്രവർത്തിപ്പിക്കുന്നുണ്ട്. ജീവനക്കാരുടെ കമ്മിറ്റിക്കാണ് നടത്തിപ്പിന്റെ മേൽനോട്ടം.കാന്റീനിലേക്ക് ആവശ്യമായ പച്ചക്കറികൾ കൃഷിയിടത്തിൽ നിന്നാണ് നൽകുന്നത്. ജീവനക്കാർക്ക് ആവശ്യാനുസരണം പച്ചക്കറികൾ മിതമായ വിലയ്ക്ക് വാങ്ങാനും അവസരമുണ്ട്. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്ഥാപനത്തിന് മുന്നിൽ തുടങ്ങിയിട്ടുള്ള സ്റ്റാളിലൂടെ വിൽക്കും. സ്റ്റാൾ ദേശീയപാതയോരത്തായതിനാൽ തന്നെ വില്പനക്കും ബുദ്ധിമുട്ടില്ല.
ഇടവേളകളിൽ കൃഷി
സ്ഥാപനത്തിൽ മൂന്ന് ഷിഫ്റ്റുകളിലായാണ് നൂൽ ഉത്പാദനം നടക്കുന്നത്. ഇതിന്റെ ഇടവേളകളിലാണ് തൊഴിലാളികൾ കൃഷിയിടങ്ങളിൽ അദ്ധ്വാനിക്കുന്നത്. വ്യവസായ വകുപ്പ്, ഹരിതകേരളം മിഷൻ, കൃഷി വകുപ്പ്,പത്തിയൂർ ഗ്രാമ പഞ്ചായത്ത്,എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി മുന്നേറുന്നത്.ചീനി,ചേന,കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ,തുടങ്ങിയ കിഴങ്ങുവർഗ വിളകളും വിവിധയിനം വാഴകളും കൃഷി ചെയ്യുന്നു. നല്ലയിനം വഴുതന, വെണ്ട, തക്കാളി, പയർ, പച്ചമുളക്... ഇങ്ങനെ നീളുന്നു കൃഷി. നല്ലയിനം പച്ചക്കറി വിത്തുകളും തൈകളും ഇവിടെ ഉണ്ട്. കോമ്പൗണ്ടിൽ നിർമ്മിച്ച കുളത്തിൽ മത്സ്യ കൃഷിയും തുടങ്ങി. കമ്പോസ്റ്റും ജൈവവളങ്ങളുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
മികച്ച നേതൃത്വം
ചെയർമാൻ എം.അലിയാർ, ജനറൽ മാനേജർ പി.എസ്.ശ്രീകുമാർ എന്നിവരാണ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.പത്തിയൂർ കൃഷി ഓഫീസർ എൻ.ലീന,ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ്, കേരള കാർഷിക സർവകലാശാല മുൻ ഫാം മാനേജർ ടി.കെ.വിജയൻ,തൊഴിലാളി സംഘടനാ നേതാവായ ബിജു തുടങ്ങിയവർ വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകും.ജീവനക്കാരനായ ടി.ആർ.വിജയകുമാറാണ് കൃഷി കമ്മിറ്റി കൺവീനർ.
വിപുലമായ പദ്ധതികൾ
മത്സ്യകൃഷിക്ക് പുറമെ കന്നുകാലി വളർത്തൽ ,കോഴി വളർത്തൽ ,കാർഷിക നഴ്സറി,പോളി ഹൗസിന്റെ വിപുലീകരണം, പച്ചക്കറിത്തൈ, പച്ചക്കറിവിത്ത്, സൂഷ്മ ജീവാണുവളം, ജൈവവളം, കാർഷിക അനുബന്ധ സാധനങ്ങൾ തുടങ്ങിയ മേഖലകളിലേക്കും കടക്കാൻ തയ്യാറെടുക്കുകയാണ് സ്ഥാപനത്തിന്റെ സാരഥികളും തൊഴിലാളികളും.
സ്ഥാപനത്തിലെ ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണ് ഇത്. നല്ല ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിരവധി സംഘടനകളുടെ സഹകരണം കൃഷിക്കുണ്ട്. ഒരു കാർഷിക നഴ്സറി തുടങ്ങുകയാണ് അടുത്ത പ്രധാന പദ്ധതി.
-പി.എസ്.ശ്രീകുമാർ, ജനറൽ മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |