തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തിന് സാദ്ധ്യത തേടി സംസ്ഥാന സർക്കാർ. ട്രഷറി വകുപ്പിലെ വീഴ്‌ചകളെ കുറിച്ച് അന്വേഷിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും എന്നാണ് വിവരം. തട്ടിപ്പുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അന്വേഷണം വേണമെന്നാണ് സി.പി.ഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും ആവശ്യപ്പെടുന്നത്.
ബിജുലാൽ നടത്തിയ ക്രമക്കേടുകളെ കുറിച്ച് മാത്രമാണ് ക്രൈംബ്രാഞ്ച് നിലവിൽ അന്വേഷണം നടത്തുന്നത്. എന്നാൽ സംഭവത്തെപ്പറ്റി വ്യാപകമായ പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിനുള്ള സാദ്ധ്യത സർക്കാർ തേടുന്നത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് പ്രതിപക്ഷം ആയുധമാക്കുമോയെന്ന ആശങ്ക സർക്കാരിനെ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ പാർട്ടിയിലും മുന്നണിയിലും അടക്കം കൂടിയാലോചനകൾ നടത്തിയായിരിക്കും സർക്കാർ തീരുമാനമുണ്ടാവുക.
അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിക്കുന്ന റിപ്പോർട്ട് ഇക്കാര്യത്തിൽ നിർണായകമാകും. ബിജുലാൽ നടത്തിയതിന് സമാനമായ തട്ടിപ്പുകൾ മുമ്പും നടന്നിട്ടുണ്ടോ എന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി പ്രധാനമായും പരിശോധിക്കുന്നത്. കേസിൽ അറസ്റ്റിലായ ബിജുലാലിൽ നിന്ന് വിശദീകരണം തേടാതെ പിരിച്ചുവിടാനുളള നടപടികളും ധനവകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |