തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്ന കോടികളുടെ തട്ടിപ്പ് കേസിൽ ബിജുലാലിന്റെ സഹപ്രവർത്തകരായ കൂടുതൽ ട്രഷറി ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്ന് പൊലീസ് സൂചന നൽകി. ബിജുലാൽ മാസങ്ങളായി നടത്തിയിരുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും ചിലരുടെ അറിവോ സമ്മതമോ ഉണ്ടായിരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ജീവനക്കാരെകൂടി അന്വേഷണ പരിധിയിലാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.. ഇന്നലെ ട്രഷറിയിൽ ക്രൈംബ്രാഞ്ച് നടത്തിയ തെളിവെടുപ്പിൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പരിശോധിച്ചതിൽ നിന്നും സഹപ്രവർത്തകരിൽ ഒരാൾപോലുമറിയാതെയാണ് ബിജുലാൽ കോടികളുടെ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണസംഘത്തിന് വിശ്വസിക്കാനാകാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ കേന്ദ്രീകരിച്ച് വിശദമായി അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ട്രഷറിയിൽ നിന്ന് ഇന്നലെ പിടികൂടിയ രേഖകളെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരികയാണ്. സഹപ്രവർത്തകന്റെ അരലക്ഷത്തിലധികം രൂപ ഓഫീസിലെ മേശപ്പുറത്ത് നിന്ന് ബിജുലാൽ അപഹരിച്ച സംഭവം ഒതുക്കി തീർത്തതിലും ചില ജീവനക്കാരുടെ പങ്ക് സംശയാസ്പദമാണ്. വിരമിച്ച ജീവനക്കാരുടെ പാസ് വേഡും യൂസർ ഐ.ഡിയും തിരിമറികൾക്ക് ഉപയോഗിച്ചിരുന്നകാര്യവും ചില ജീവനക്കാർക്ക് അറിയാമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതേസമയം കേസിൽ ബിജുലാലിന്റെ ഭാര്യ സിമിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. കേസിൽ രണ്ടാം പ്രതിയാണ് സിമിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
ഏപ്രിൽ, മെയ് മാസങ്ങളിൽ തട്ടിയെടുത്ത 74 ലക്ഷം രൂപ കൊണ്ട് ഭാര്യക്ക് സ്വർണ്ണവും സഹോദരിക്ക് സ്ഥലവും വാങ്ങിയെന്നായിരുന്നു ബിജു ലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ബാക്കിയുള്ള പണം ഓൺലൈൻ റമ്മി കളിച്ച് തീർത്തു. ഇക്കാര്യങ്ങൾ ചോദിച്ചറിയുന്നതിനാണ് ഭാര്യ സിമിയുടെയും സഹോദരിയുടെയും മൊഴി അന്വേഷണ സംഘം എടുക്കുന്നത്.
കേസിലെ ഒന്നാം പ്രതി ബിജുലാലിനെ വരുന്ന ആഴ്ച കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |