
ന്യൂയോർക്ക്: പുതുവത്സരദിനത്തിൽ കാണാതായ 27 വയസുള്ള ഇന്ത്യൻ യുവതിയെ മുൻകാമുകന്റ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെരിലാൻഡിലെ അപാർട്‌മെന്റിൽ കുത്തേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. എലിക്കോട് സിറ്റിയിലെ ഡേറ്റ ആന്റ് സ്‌ട്രാറ്റജി അനലിസ്റ്റ് ആയ നികിത ഗോഡിശാലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻകാമുനായ അർജുൻ ശർമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ജനുവരി രണ്ടിന് യുവതിയെ കാണാനില്ലെന്ന് അർജുൻ ശർമ്മ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഡിസംബർ 31ന് തന്റെ അപാർട്മെന്റിലാണ് യുവതിയെ അവസാനമായി കണ്ടതെന്നും യുവാവ് മൊഴി നൽകിയിരുന്നു. ജനുവരി മൂന്നിന് അന്വേഷണസംഘം ഇയാളുടെ അപാർട്‌മെന്റിൽ നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നികിതയെ കാണാനില്ലെന്ന് പരാതി നൽകിയ അതേ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം.
ഡിസംബർ 31ന് രാത്രിയാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. അർജുനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി ഫെഡറൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഹോവാർഡ് കൗണ്ടി പൊലീസ് പറയുന്നു. നികിത ഗോഡിശാലയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാദ്ധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ടെന്ന് എംബസി പറയുന്നു.
ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ കൈമാറ്റം ചെയ്യാൻ അനുവദിക്കുന്ന ഒരു സഹകരണ ഉടമ്പടി യുഎസിനും ഇന്ത്യയ്‌ക്കും ഇടയിലുണ്ട്. എന്നാൽ, സാധാരണയായി കോടതി അവലോകനങ്ങളും നയതന്ത്ര ഏകോപനവും ഉൾപ്പെടുന്നതിനാൽ അത്തരം നടപടികൾ മാസങ്ങളോളം നീണ്ടുപോകാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |