പശ്ചിമ ചമ്പാരൻ: പരീക്ഷ പാസായ കുട്ടികളുടെ സർട്ടിഫിക്കറ്റ് നൽകാൻ കുട്ടികളിൽ നിന്ന് പണം വാങ്ങി പ്രധാനാദ്ധ്യാപകൻ. ബിഹാറിൽ പശ്ചിമ ചമ്പാരൻ ജില്ലയിലാണ് ഈ സംഭവം ഉണ്ടായത്. ബഗാഹാ സബ് ഡിവിഷനിൽ പ്രധാന അദ്ധ്യാപകനായ നാഗേന്ദ്ര ദ്വിവേദി പണം വാങ്ങി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന വീഡിയോ വൈറലായിട്ടുണ്ട്.
വീഡിയോ ശ്രദ്ധയിൽപെട്ട ബിഹാറിലെ വിദ്യാഭ്യാസമേഖലാ ഉന്നതോദ്യോഗസ്ഥർ മതിയായ അന്വേഷണം നടത്തിയ ശേഷമേ നടപടിയുണ്ടാകൂ എന്നറിയിച്ചു. അതേസമയം പണം വാങ്ങിയെന്ന് പ്രധാനാദ്ധ്യാപകൻ സമ്മതിച്ചിട്ടുണ്ട്. പരീക്ഷയ്ക്കുളള ഫോം പൂരിപ്പിച്ച് നൽകിയപ്പോൾ കുട്ടികൾക്ക് താൻ പണം നൽകിയെന്നും സർട്ടിഫിക്കറ്റ് വാങ്ങിയ സമയത്ത് അവർ തിരികെ പണം തന്നതാണെന്നും നാഗേന്ദ്ര ദ്വിവേദി അറിയിച്ചു.
അതേസമയം പണം വാങ്ങുക മാത്രമല്ല സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈയിൽ എണ്ണയിട്ട് തിരുമ്മാനും അദ്ധ്യാപകൻ നിർബന്ധിച്ചിരുന്നുവെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ജില്ലാ വിദ്യാഭ്യാസ ആഫീസർ ബിനോദ് കുമാർ വിമൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |