കാസർകോട്: കഞ്ചാവ് കടത്തുകേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ബംബ്രാണ ദണ്ഡ ഗോളിയിലെ അബ്ദുൽ ലത്തീഫ് എന്ന ഡോണ ലത്തീഫിനെ (43)യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടി.കെ നിർമ്മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധികതടവനുഭവിക്കണം. 2016 ഫെബ്രുവരി ഒമ്പതിന് അന്നത്തെ കുമ്പള എസ്.ഐ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒരുകിലോ 50 ഗ്രാം കഞ്ചാവുമായി ലത്തീഫിനെ പിടികൂടിയത്.
കട്ടത്തടുക്ക ബസ് സ്റ്റോപ്പിൽ പൊളിത്തീൻ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച കഞ്ചാവുമായി നിൽക്കുമ്പോഴാണ് ലത്തീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്നത്തെ സി.ഐയായിരുന്ന കെ.പി സുരേഷ് ബാബുവാണ് കേസിൽ തുടരന്വേഷണം നടത്തിയത്. പിന്നീട് സി.ഐ അബ്ദുൾ മുനീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. കെ. ബാലകൃഷ്ണൻ ഹാജരായി. കേസിൽ എട്ട് സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും ഏഴ് തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |