ഒരുമാസത്തിനകം എമിഗ്രേഷൻ പോയിന്റ്
കൊല്ലം: എമിഗ്രേഷൻ പോയിന്റെന്ന കൊല്ലം പോർട്ടിന്റെ ചിരകാലസ്വപ്നം ഒരുമാസത്തിനകം യാഥാർത്ഥ്യമാകും. യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾക്കുള്ള ഓഫീസ് അനുവദിച്ചുള്ള വിജ്ഞാപനം വൈകാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കും.
അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും എമിഗ്രേഷൻ സൗകര്യമില്ലാത്തതാണ് ചരക്ക് കപ്പലുകൾ പോലും കൊല്ലത്ത് അടുക്കാത്തതിന് കാരണം. ചരക്ക് ഇറക്കുന്നതിന് നിലവിൽ കൊല്ലം പോർട്ടിൽ തടസമില്ല. പക്ഷെ പല ചരക്ക് കപ്പലുകളിലെയും ജോലി കാലാവധി കഴിയുന്ന ജീവനക്കാർ ഇറങ്ങി പുതിയവർ കയറുന്നത് അടുക്കുന്ന പോർട്ടുകളിലാണ്. എമിഗ്രേഷൻ സൗകര്യമില്ലാത്തതിനാൽ കപ്പൽ ജീവനക്കാർക്ക് കൊല്ലത്ത് ഇറങ്ങാനും പുതിയവർക്ക് കയറാനും കഴിയില്ല. അതുകൊണ്ട് തന്നെ കപ്പൽ ഏജൻസികൾക്ക് കൊല്ലത്തോട് താല്പര്യമില്ല. എമിഗ്രേഷൻ പോയിന്റ് വരുന്നതോടെ യാത്രാ കപ്പലുകൾക്ക് പുറമേ ചരക്ക് കപ്പലുകളും എത്താനുള്ള സാദ്ധ്യത വർദ്ധിക്കും.
ആവശ്യമുള്ളവയുടെ പട്ടിക നൽകി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത് പ്രകാരം എമിഗ്രേഷൻ ചുമതലയുള്ള തിരുവനന്തപുരം ഫോറിനേഴ്സ് രജിസ്ട്രേഷൻ റീജിണൽ ഓഫീസ് കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനത്തിനാവശ്യമായ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളുടെ പട്ടിക നൽകിയിട്ടുണ്ട്. നേരത്തെ ചൂണ്ടിക്കാട്ടിയിരുന്ന ഓഫീസ് മുറിയുടെ അപര്യാപ്തതയും പരിഹരിച്ചിട്ടുണ്ട്. പോർട്ടിനുള്ളിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വർക്ക്ഷോപ്പിന്റെ മുകളിലത്തെ നിലയിൽ എമിഗ്രേഷൻ ഓഫീസിനുള്ള എല്ലാ സജ്ജീകരണങ്ങളുമായി. പോർട്ടിന്റെ പ്രവേശന കവാടത്തോട് ചേർന്ന് സ്ഥിരം എമിഗ്രേഷൻ ഓഫീസിന്റെ നിർമ്മാണവും ഹാർബർ എൻജിനിയറിംഗ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ആദ്യം ക്രൂ ചേഞ്ചിംഗ്
1. കപ്പലുകളിലെ ജീവനക്കാർക്ക് ഇറങ്ങാനും പുതിയവർക്ക് പ്രവേശിക്കാനുമുള്ള (ക്രൂ ചേഞ്ചിംഗ്) സംവിധാനം
2. സാധാരണ കപ്പൽ അടുപ്പിക്കുന്ന പോർട്ടുകളിലാണ് ജീവനക്കാർ ഇറങ്ങുകയും കയറുകയും ചെയ്യുന്നത്
3. പിന്നീട് ഇവിടെ നിന്ന് ജീവനക്കാർ വിമാനത്തിലാണ് നാട്ടിലേക്ക് പോവുക
4. കൊവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നടക്കുന്നില്ല
5. അതിനാൽ വിദേശ കപ്പലുകളിലെ ഇന്ത്യക്കാരായ ജീവനക്കാർക്ക് നാട്ടിലെത്താനും ജോലിയിൽ പ്രവേശിക്കാനും കഴിയുന്നില്ല
6. ഈ സാഹചര്യത്തിൽ കപ്പലുകൾ സഞ്ചാര വഴിയിലുള്ള പോർട്ടുകൾ കേന്ദ്രീകരിച്ചാണ് ക്രൂ ചേഞ്ചിംഗ് നടത്തുന്നത്
7. കൊച്ചി പോർട്ടിന് ഈയിനത്തിൽ വൻ വരുമാനമാണ് ലഭിക്കുന്നത്
8. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചും ഇപ്പോൾ ക്രൂ ചേഞ്ചിംഗ് നടക്കുന്നുണ്ട്
കൊല്ലം തുറമുറം സ്ഥാപിച്ചത്: എ.ഡി 825ൽ
പൂർണമായും നിലച്ചത്: 1973ൽ (വെള്ളപ്പൊക്കത്തിൽ)
വീണ്ടും പ്രവർത്തന സജ്ജമായത്: 2007ൽ
എമിഗ്രേഷൻ പോയിന്റിനായുള്ള ശ്രമം തുടങ്ങിയിട്ട്: 12 വർഷം
''
കൊല്ലത്ത് എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതിന് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഒരുമാസത്തിനകം പോയിന്റിന് അനുമതി ലഭിക്കും.
വി.ജെ. മാത്യു
മാരിടൈം ബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |