ഹൃദയം കൈയിലേന്തിയ ബ്രിട്ടനിലെ ഏക വനിത സൽവാ ഹുസൈന്റെ അപൂർവ ജീവിതം ഇതാ...
ബ്രിട്ടൻ: സൽവാ ഹുസൈൻ, വയസ് 41, രണ്ടു കുട്ടികളുടെ അമ്മ. സദാസമയവും, എന്തിന് ഉറങ്ങുമ്പോൾ പോലും ബാക്ക്പാക്ക് ധരിക്കുന്നവർ. എന്ത് നിധിയാണതിൽ എന്നാണോ?. സ്വന്തം ഹൃദയം!. ഏഴുകിലോ ഭാരവും ഏകദേശം 75 മുതൽ ഒരുകോടി രൂപ വരെ വിലവരുന്ന കൃത്രിമ ഹൃദയമാണ് സൽവ കൈയിലേന്തി നടക്കുന്നത്.
രണ്ടാമത്തെ കുട്ടി ജനിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് സൽവയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. തുടക്കംമുതൽ തന്നെ എന്തോ ഗുരുതരമായ പ്രശ്നം തനിക്കുണ്ടെന്ന് സൽവയ്ക്ക് മനസിലായി. വിശപ്പില്ലായ്മയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ക്ഷീണവും ജീവിതത്തെ കാര്യമായി ബാധിച്ചു.
പരിശോധനയിൽ സൽവയുടെ ഹൃദയം പണിമുടക്കിത്തുടങ്ങിയതായി കണ്ടെത്തി. പരിഹാരം ഒന്നേയുള്ളൂ. ഹൃദയം മാറ്റിവയ്ക്കണം. പക്ഷേ, ബ്രിട്ടനിൽ ആയിരക്കണക്കിന് പേരാണ് ഹൃദയം മാറ്റിവയ്ക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നത്. അവരിൽ അതിസമ്പന്നരും പ്രശസ്തരുമുണ്ട്. അതുകൊണ്ടുതന്നെ ഉടനൊന്നും സൽവയ്ക്ക് ഹൃദയം ലഭിക്കില്ലെന്ന് അറിയാമായിരുന്നു. പിന്നെന്താണ് പരിഹാരമെന്ന ആലോചനയിലാണ് ഡോക്ടർമാർ അത്യപൂർവമായൊരു ജീവൻ രക്ഷാമാർഗം നിർദ്ദേശിച്ചത്. കൃത്രിമ ഹൃദയം ശരീരത്തിൽ വച്ചുപിടിപ്പിക്കുക. പക്ഷേ, അപ്പോഴും ഒരു പ്രശ്നമുണ്ടായിരുന്നു. ഹൃദയം പ്രവർത്തിപ്പിക്കണമെങ്കിൽ അതിന് പുറമെ നിന്നുള്ള ഉൗർജം നൽകണം. ഇതിന് പരിഹാരമായി ബാറ്ററിയോടുകൂടിയ, ഏകദേശം ഏഴ് കിലോഭാരമുള്ള ഒരു ഉപകരണവുമായി ഹൃദയത്തെ ബന്ധിപ്പിച്ചു. സൽവയുടെ ശരീരത്തിൽനിന്ന് രണ്ട് ട്യൂബുകൾ വഴി ഹൃദയവും ഉപകരണവും തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. ബാക്ക് പാക്കിലെ ഇലക്ട്രിക് മോട്ടറിൽ നിന്നാണ് ട്യൂബ്യുകൾ വഴി സൽവയുടെ ഹൃദയത്തിലേക്ക് രക്തം പമ്പു ചെയ്യുന്നത്. സാധാരണ ഇത്തരം രോഗികൾ പുറത്തിറങ്ങി നടക്കുക അപൂർവവും അസാധാരണവുമാണ്. എന്നാൽ സൽവ തന്റെ ഹൃദയം ഒരു ബാക് പാക്കിലാക്കി അതും തോളിലേന്തി പുറത്തേക്കിറങ്ങി. തെരുവിൽ നടക്കുകയും ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.
സംഗതി അത്ര നിസാരമല്ല
വാരിയെല്ലിന് അടിഭാഗത്തായി വയറിൽ ദ്വാരമുണ്ടാക്കിയാണ് കൃത്രിമ ഹൃദയത്തിലേക്കുള്ള ട്യൂബുകൾ ശരീരത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഏഴ് കിലോ ഭാരമുള്ള ഉപകരണം ഉറങ്ങുമ്പോഴും ഒപ്പമുണ്ടാകണം. ഇഷ്ടംപോലെ തിരിഞ്ഞും മറിഞ്ഞും കിടക്കാനൊന്നും പറ്റില്ല. ഏതെങ്കിലും കാരണവശാൽ ബാഗിനുള്ളിലെ ബാറ്ററി ചാർജ് നിലച്ചാൽ 19 സെക്കന്റുകളാണ് ജീവൻ തിരികെ പിടിക്കാൻ ലഭിക്കുക. ഇതിനുള്ളിൽ ചാർജർ കണ്ടെത്തി റീചാർജ് ചെയ്യുകയോ ബാറ്ററി മാറ്റി വയ്ക്കുകയോ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |