ഓണക്കാല ആനുകൂല്യമില്ലാതെ ജീവനക്കാർ
ആലപ്പുഴ: തലങ്ങും വിലങ്ങും പായുന്ന 108 ആംബുലൻസ് ജീവനക്കാർ ഓണത്തിന് ശരിക്കും വെള്ളംകുടിച്ചു. ഒരു രൂപയുടെ പോലും ഓണക്കാല ആനുകൂല്യം ആർക്കും ലഭിച്ചില്ല. കൊവിഡ് പശ്ചാത്തലത്തിൽ രാപ്പകൽ ഭേദമെന്യേ, പി.പി.ഇ കിറ്റിന്റെ ഉൾപ്പെടെ വീർപ്പുമുട്ടലിൽ ജോലി ചെയ്യുന്ന ആംബുലൻസ് ജീവനക്കാർക്ക് വല്ലാത്ത നിരാശയാണ് ഓണസമ്മാനമായി ലഭിച്ചത്.
കർണ്ണാടകയിലെ സ്വകാര്യ ഏജൻസിയാണ് 108 ആംബുലൻസ് സർവ്വീസിന് മേൽനോട്ടം വഹിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എൻ.ആർ.എച്ച്.എം) മേൽനോട്ടം വഹിച്ചിരുന്നപ്പോൾ ഓണത്തിന് 3000 രൂപ വീതം ജീവനക്കാർക്ക് അലവൻസ് നൽകിയിരുന്നു. 11 മാസം മുമ്പാണ് ഏജൻസിക്ക് ചുമതല കൈമാറിയത്.
# ഏജൻസിക്ക് നേട്ടം
11 മാസം മുമ്പ് ജില്ലയിൽ 19 പുതിയ 108 ആംബുലൻസുകൾ എത്തി. ഒരു ആംബുലൻസിൽ രണ്ട് ഡ്രൈവർ, ഒരു ടെക്നിഷ്യൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരാണുള്ളത്. ഡീസൽ, ജീവനക്കാരുടെ ശമ്പളം, വാഹനത്തിന്റെ അറ്റകുറ്റപ്പണി ഉൾപ്പെടെ മാസം ഒന്നര ലക്ഷം രൂപയാണ് സ്വകാര്യ ഏജൻസിക്ക് സർക്കാർ നൽകുന്നത്. പുതിയ വാഹനമായതിനാൽ അറ്റകുറ്റപ്പണിയില്ല എന്നത് ഏജൻസിക്ക് നേട്ടമാണ്.
# പത്തെണ്ണം കൊവിഡ് ഡ്യൂട്ടിയിൽ
പഴയ ആംബുലൻസുകളിൽ പത്തെണ്ണം കൊവിഡ് ഡ്യൂട്ടിക്കായി ഏറ്റെടുത്തിട്ടുണ്ട്. പഴയ ആംബുലൻസുകളിലെ ജീവനക്കാരെ പുതിയവയിലേക്ക് മാറ്റി നിയമിച്ചതോടെയാണ് ഇവ ഷെഡിലായത്. ദേശീയ ആരോഗ്യ ദൗത്യമാണ് പഴയ 108 ആംബുലൻസുകളുടെ സർവ്വീസിന് മേൽനോട്ടം വഹിക്കുന്നത്. സ്വകാര്യ ആംബുലൻസുകൾ കിലോമീറ്ററിന് കുറഞ്ഞത് 10 രൂപ മുതൽ വാങ്ങുമ്പോൾ തികച്ചും സൗജന്യ സേവനമാണ്108 ആംബുലൻസുകൾ നടത്തുന്നത്. നിലവിൽ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യം മാത്രമേ ഇവയിലുള്ളൂ. കൊവിഡ് ഡ്യൂട്ടിക്കായി എടുത്ത ആംബുലൻസുകൾ കെ.എസ്.ആർ.ടി.സി എംപാനൽ ഡ്രൈവർമാരെ നിയമിച്ചാണ് സർവീസ് നടത്തുന്നത്. ഇവർക്ക് എൻ.ആർ.എച്ച്.എം 715 രൂപയാണ് നൽകുന്നത്. പുതിയ ആംബുലൻസുകൾ എത്തുമ്പോൾ പഴയത് അപകട സാദ്ധ്യതയുള്ള മേഖലകളിലെ സർക്കാർ ആശുപത്രികൾക്ക് കൈമാറുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും പാലിച്ചിട്ടില്ല. മണ്ണഞ്ചേരിയിലും പുന്നപ്രയിലുമുള്ള സർക്കാർ അംഗീകൃത വർക്ക് ഷോപ്പിൽ മാത്രമേ ഇവ അറ്റകുറ്റപ്പണികൾക്ക് കയറ്റാനാവൂ. പഴയ അഞ്ച് വാഹനങ്ങൾ മണ്ണഞ്ചേരിയിലെ വർക്ക്ഷോപ്പിൽ സർവീസിനു കയറ്റിയെങ്കിലും 11 മാസമായിട്ടും തിരിച്ചെടുത്തിട്ടില്ല.
# സർവീസ് വെട്ടിക്കുറച്ചു
ഒൻപത് കേന്ദ്രങ്ങളിലെ ആംബുലൻസുകളുടെ രാത്രികാല സർവീസ് ഉപേക്ഷിച്ചു. കുട്ടനാടിലെ ചമ്പക്കുളം, വെളിയനാട്, എടത്വ എന്നിവിടങ്ങളിലെയും തീരമേഖലയിലെ തൃക്കുന്നപ്പുഴ ഉൾപ്പെടെ അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിലെയും സർവീസാണ് ഒഴിവാക്കിയത്. ഡ്യൂട്ടിയുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള തീരുമാനമായിരുന്നു ഇത്.
..................
ജില്ലയിൽ 108ലെ ആകെ ജീവനക്കാർ 78
12മണിക്കൂർ ജോലിക്ക് ഡ്രൈവർക്ക് 565 രൂപ
ടെക്നിഷ്യന് 600 രൂപ
................................................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |