കോഴിക്കോട്: വനിതാ സംരംഭകരുടെ വികസനത്തിനായി ആരംഭിച്ച മഹിളാമാളിനെതിരെ ഒരു കൂട്ടർ ദുഷ്പ്രചരണം നടത്തുകയാണെന്ന് യൂണിറ്റി സാരഥികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭയ്ക്ക് കീഴിലെ പത്ത് കുടുംബശ്രീ സംരംഭകർ ചേർന്ന് ആരംഭിച്ചതാണ് മഹിളാമാൾ. 10 പേർ അടങ്ങിയ ഗ്രൂപ്പാണ് യൂണിറ്റി. തുടക്കത്തിൽ നല്ല രീതിയിലാണ് മഹിളാമാൾ പ്രവർത്തിച്ചിരുന്നത്. കൃത്യമായി ലൈസൻസ് ഫീ ലഭിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മാളിൽ സംരംഭങ്ങൾ നടത്തുന്ന വനിതകളിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന ലൈസൻസ് ഫീസ് സമാഹരിച്ച് കെട്ടിട ഉടമയ്ക്ക് നൽകി മിച്ചം വരുന്ന സംഖ്യയാണ് യൂണിറ്റിയ്ക്ക് ലഭിക്കുന്നതെന്ന് സാരഥികൾ പറഞ്ഞു.
ഉടമയ്ക്ക് ഫീസ് കിട്ടാത്തതാണ് മാളിന്റെ സാമ്പത്തിക സ്ഥിതിയെ വഷളാക്കിയത്. ഈ കാര്യം ഉദ്യാേഗസ്ഥരെ അറിയിച്ചിരുന്നു. മാൾ ആരംഭിച്ച് രണ്ട് മാസത്തിന് ശേഷം ചില സംരംഭകർ മാദ്ധ്യമങ്ങളിലൂടെ മാളിനെതിരെ ദുഷ്പ്രചരണം അഴിച്ചുവിടുകയാണ്. മഹിളാമാൾ ലൈസൻസ് ഫീസ് കെട്ടിടത്തിനാണ്. അതുകൊണ്ട് ലൈസൻസ് ഫീസ് ഒഴിവാക്കാൻ കഴിയില്ലെന്ന് നേരത്തെ സംരംഭകരെ അറിയിച്ചിരുന്നു. ഇപ്പോൾ കുടുംബശ്രീയേയും നഗരസഭയെയും കരിതേച്ച് കാട്ടാനാണ് ചിലർ ശ്രമിക്കുന്നത്. മാൾ അടച്ചു പൂട്ടണമെന്ന് മുൻകൂട്ടി നിശ്ചയിച്ച സംരംഭകരാണ് വാടക കുടിശ്ശിക നൽകാതെയും വാടക നൽകുന്നവരെ കൂടി പിന്തിരിപ്പിക്കുകയും ചെയ്യുന്നതെന്ന് യൂണിറ്റി ഗ്രൂപ്പ് പറഞ്ഞു. ഒഴിഞ്ഞുപോയ എല്ലാ കടയുടമകൾക്കും അഡ്വാൻസ് തുക നൽകുകയും മാനേജ്മെന്റ് വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും നടപ്പാക്കിയിട്ടുമുണ്ട്. സംരംഭകരുമായി നേരിട്ട് ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കി മാൾ തുറന്ന് പ്രവർത്തിക്കാൻ മാനേജ്മെന്റ് തയ്യാറാണെന്ന് യൂണിറ്റി അംഗങ്ങൾ അറിയിച്ചു. യൂണിറ്റി അംഗങ്ങളായ കെ. ബീന, കെ. വിജയ, സി.പി ജിഷ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |