വടകര: ഡയാലിസിസ് കേന്ദ്രങ്ങൾ ആവശ്യമില്ലാത്ത രീതിയിലേക്ക് സമൂഹത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കും.
വടകര ഗവ. ജില്ലാ ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.
ഈ സർക്കാർ വന്ന ശേഷം 67 ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും വേണ്ടിവരും. എന്നാൽ ഭാവിയിൽ ഇതൊഴിവാക്കണം. ജീവിതശൈലീരോഗങ്ങളാണ് വൃക്കരോഗത്തിലേക്കും ഡയാലിസിസിലേക്കും നയിക്കുന്നത്. ഇത് നേരത്തെതന്നെ കണ്ടെത്തി ചികിത്സ നൽകുന്നതിന് ഊന്നൽ നൽകിയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുബാരോഗ്യകേന്ദ്രങ്ങളാക്കുന്നത്. 360 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഇങ്ങനെ മാറ്റി. ഇനിയും മാറ്റേണ്ടതുണ്ട്. ഭാവിയിൽ ആരോഗ്യമേഖലയിൽ ഗുണകരമായ മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.
ആറന്മുള സംഭവം വലിയ മനഃപ്രയാസമുണ്ടാക്കിയതായി മന്ത്രി വ്യക്തമാക്കി. ഒരിക്കലും ഒരു ആംബുലൻസ് ഡ്രൈവറിൽ നിന്ന് ഇത് പ്രതീക്ഷിച്ചിട്ടില്ല. ഒറ്റയ്ക്ക് ഒരു സ്ത്രീയെ കാണുമ്പോൾ ആക്രമിക്കാമെന്ന മനോഭാവം ശരിയല്ല. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാനടപടികൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് മൂന്നുനില കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. നിലവിൽ 59 രോഗികൾക്ക് ഇവിടെ സൗജന്യമായി ഡയാലിസിസ് ചെയ്തുവരുന്നുണ്ട്. ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ ആകെ 299 പേർക്ക് ഡയാലിസിസ് സൗകര്യം നൽകാൻ കഴിയും. 16 ജീവനക്കാരുണ്ട് ഇവിടെ.
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ സ്വതന്ത്ര പ്രവർത്തനത്തിന്റെ ഭാഗമായി വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് 2013 ലാണ് ധന്വന്തരി ഡയാലിസിസ് നിധി ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്.
ട്രസ്റ്റ് ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എൽ.എ, ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, വടകര മുനിസിപ്പൽ ചെയർമാൻ കെ.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മുക്കം മുഹമ്മദ്, ആർ. ബലറാം, ഡി.എം.ഒ ഡോ.വി. ജയശ്രീ, ട്രസ്റ്റ് കൺവീനറായ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.കെ.വി. അലി തുടങ്ങിയവർ സംബന്ധിച്ചു.
കരിങ്കൊടിയുമായി
യുവമോർച്ച
ആറന്മുളയിൽ ആംബുലൻസ് ഡ്രൈവർ കൊവിഡ് ബാധിതയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രിയുടെ പ്രസംഗം കുറച്ചുനേരം തടസ്സപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |