വഴിമുടക്കി കൊവിഡ് വ്യാപനഭീതി
കൊല്ലം: ഓണത്തിന് പിന്നാലെ മഴയും കൊവിഡ് വ്യാപന ഭീതിയും ശക്തമായതോടെ നഗരത്തിലും നാട്ടിൻ പുറങ്ങളിലും തൊഴിൽ മേഖല വീണ്ടും പ്രതിസന്ധിയിൽ. ലോക്ക് ഡൗണിന് മുൻപ് പ്രതിസന്ധിയിലായ പരമ്പരാഗത തൊഴിൽ മേഖല ഇളവിന് ശേഷവും സാധാരണ നില കൈവരിച്ചിട്ടില്ല.
ചകിരി ക്ഷാമവും ഉത്പന്നങ്ങൾക്ക് വിപണിയില്ലാത്തതുമാണ് കയർ മേഖലയെ കണ്ണീരിലാക്കിയത്. ഓണക്കച്ചവടം ലാക്കാക്കി പിരിച്ച കയർ പോലും കെട്ടിക്കിടക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഗണേശോത്സവത്തിന് മുന്നോടിയായുള്ള കച്ചവടം ഇത്തവണ ഉണ്ടായില്ല. മേളകളും കരകൗശല പ്രദർശനങ്ങളും ഇല്ലാതെപോയതാണ് കയറിനൊപ്പം കൈത്തറി മേഖലയിലും പ്രതിസന്ധിക്കിടയാക്കിയത്.
മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങൾക്ക് വൻ ഡിമാൻഡാണ്. ട്രെയിൻ, വിമാനം ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ നിശ്ചലമാകുകയും ഓണാഘോഷങ്ങൾ വീടുകളിൽ ഒതുങ്ങുകയും ചെയ്തതോടെ കൈത്തറി വ്യവസായ രംഗത്ത് ഓണക്കാല ഉണർവുണ്ടായില്ല. അപൂർവമായി നടന്ന ഓൺലൈൻ കച്ചവടമായിരുന്നു ആകെയുണ്ടായ ആശ്രയം. ഓണത്തിന് മാസങ്ങൾക്ക് മുൻപേ അടഞ്ഞുകിടന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികളെല്ലാം ഓണം കഴിഞ്ഞശേഷവും തുറന്നിട്ടില്ല. കശുഅണ്ടി കിട്ടാനില്ലാത്തതും സാമൂഹ്യഅകലം പാലിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുമ്പോഴുണ്ടാകുന്ന നഷ്ടവും കശുഅണ്ടി കയറ്റുമതി ഇല്ലാത്തതുമാണ് ഫാക്ടറികൾ അടച്ചിടാൻ കാരണം.
കടത്തിൽ മുങ്ങി കർഷകർ
ഓണത്തിന് ശേഷം അടുത്തഘട്ട കൃഷിക്ക് തുടക്കം കുറിക്കേണ്ടതാണെങ്കിലും കാലാവസ്ഥ പ്രതികൂലമായത് കാർഷിക മേഖലയിലും തൊഴിലില്ലായ്മയ്ക്ക് ഇടയാക്കി. വിപണികൾ സാധാരണ നിലയിലാകാത്തതും കാലവർഷക്കെടുതികളിലുണ്ടായ കൃഷിനാശവും കർഷകരെ കടത്തിൽ മുക്കി. മകരക്കൊയ്ത്തിന് വയലുകൾ പൂട്ടി ഞാറ്റുവേലയാണ് അടുത്തഘട്ടം. മണ്ഡലകാല വിളവെടുപ്പിനുള്ള പച്ചക്കറി കൃഷികൾക്കും അടുത്ത ഓണക്കാലം ലക്ഷ്യമാക്കിയുള്ള വാഴക്കൃഷിക്കും തുടക്കമിടേണ്ട സമയമാണിത്.
പ്രതിസന്ധി നീളുന്നതിങ്ങനെ
1. അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണ മേഖലയെ ബാധിച്ചു
2. കൊവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞു
3. ഇഷ്ടികക്കളങ്ങൾ, ഫർണിച്ചർ സ്ഥാപനങ്ങൾ, വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ ഇത് പ്രകടം
4. കട ഉടമകളും വ്യാപാര സ്ഥാപന നടത്തിപ്പുകാരും നിത്യവൃത്തിക്ക് വകയില്ലാതായി
5. ചരക്ക് വാഹനങ്ങളുടെ വരവ് കുറഞ്ഞത് തൊഴിലാളികളെ പട്ടിണിയിലാക്കി
''
കൊവിഡ് വിടാതെ പിടിമുറുക്കുമ്പോൾ തൊഴിലില്ലായ്മയും ദാരിദ്രയവും കാരണം ദുരിതക്കടലിൽ അകപ്പെട്ടിരിക്കുകയാണ് നാട്.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |