ന്യൂഡൽഹി: ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗിന്റെ തിരിച്ചുവരവ്. പഞ്ചാബിന് വേണ്ടി കളിക്കാനാണ് താരം വീണ്ടുമെത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനൊപ്പം രണ്ട് പരിശീലന ക്യാമ്പുകളിലാണ് യുവരാജ് പങ്കെടുത്തത്. അസോസിയേഷനിലെ നിരവധി ക്രിക്കറ്റ് താരങ്ങളെയും യുവരാജ് പരിശീലിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
കൊവിഡ് വ്യാപനം മൂലം ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്. ഇതിനിടെയാണ് താരം വീണ്ടും ക്രിക്കറ്റ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വരുന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പ് താരം നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ബി.സി.സി.ഐയിൽ നിന്നും അനുമതി ലഭിച്ചാൽ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിന് താൽപര്യപ്പെടുന്നതായും യുവരാജ് അറിയിച്ചു.
ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ യുവരാജ് ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചാബിനായി കളിക്കുകയാണെങ്കിൽ വിദേശ ലീഗുകളിൽ കളിക്കില്ലെന്ന് യുവരാജ് വ്യക്തമാക്കി. ഇതിന് അനുമതി തേടി താരം ബി.സി.സി.ഐ പ്രസിഡന്റ് സൗരവിന് കത്തെഴുതിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |