മാള: യഹൂദർ കച്ചവടത്തിനായി വന്നണഞ്ഞ മാളക്കടവിലേക്ക് അര നൂറ്റാണ്ടിന് ശേഷം മുസ്‌രിസിന്റെ യാത്രാ ബോട്ടെത്തി. മുസ്‌രിസ് പദ്ധതിയുടെ ഭാഗമായി മാളക്കടവിലേക്ക് ബോട്ട് യാത്ര അടക്കമുള്ളവ തുടങ്ങുന്നതിന് മുന്നോടിയായി കോട്ടപ്പുറത്ത് നിന്ന് മുസ്‌രിസ് പദ്ധതിയുടെ എം.ഡി അടക്കമുള്ളവരാണ് യാത്രയ്ക്കുണ്ടായിരുന്നത്. കടവിൽ നിന്ന് തിരിച്ചു പോയപ്പോൾ കോട്ടപ്പുറത്തേക്ക് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. കടവിൽ മുസ്‌രിസ് പദ്ധതിയുടെ ഭാഗമായി ബോട്ട് ജെട്ടിയും സൗന്ദര്യവത്കരണത്തിനായി നിർമ്മാണപ്രവർത്തനങ്ങളും നടത്തും. മാളക്കടവിൽ വീണ്ടും ബോട്ടെത്തിയപ്പോൾ അര നൂറ്റാണ്ട് മുമ്പ് സ്ഥിരമായി ഇതിലൂടെ വ്യാപാര ആവശ്യത്തിനായി യാത്ര ചെയ്തിരുന്നവരും ആകാംക്ഷയോടെയെത്തി.
അക്കാലത്ത് സ്വകാര്യ ബോട്ടുകളിൽ മാറിക്കയറിയാണ് കൊച്ചിയിലും ആലപ്പുഴയിലും പോയിരുന്നത്. അര നൂറ്റാണ്ടിനിപ്പുറം മാളക്കടവിൽ ബോട്ടെത്തിയപ്പോൾ ഇവർക്ക് പഴയ ഓർമ്മകളാണ് മനസിൽ തെളിഞ്ഞത്. മുസ്‌രിസ് പദ്ധതിയിൽ ഉൾപ്പെടുത്തി മാളയിലെ യഹൂദ സിനഗോഗ് പുനരുദ്ധാരണവും ശ്മശാന സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുന്ന നിർമ്മാണവും പുരോഗമിക്കുകയാണ്. ഒന്നേമുക്കാൽ കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്. മുസ്‌രിസ് പദ്ധതിയിലെ ബോട്ട് യാത്രാ സൗകര്യം കൂടി ഒരുക്കിയാൽ വിനോദ സഞ്ചാര മേഖലയായി മാള മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാളയിൽ നിന്ന് കോട്ടപ്പുറം ചന്തയിലേക്കും കൊച്ചിയിലേക്കും കച്ചവട ആവശ്യങ്ങൾക്കായി മാളക്കടവിൽ നിന്ന് യാത്ര ചെയ്തിട്ടുണ്ടെന്ന ഓർമ്മകൾ വയോധികരായ പലരും പങ്കവച്ചു.
" കോട്ടപ്പുറത്ത് നിന്ന് ഒരു മണിക്കൂർ 20 മിനിറ്റെടുത്താണ് മാളക്കടവിൽ ബോട്ടെത്തിയത്. ചാലിന്റെ വശങ്ങളിൽ ചെറുതായും മറ്റൊരു സ്ഥലത്ത് വൈദ്യുത കമ്പി വീണും തടസം ഉണ്ടായി. ഇല്ലെങ്കിൽ ഒരു മണിക്കൂറിനകം മാളക്കടവിലെത്തുമായിരുന്നു. പദ്ധതി വേഗത്തിൽ നടപ്പാക്കും. വിനോദ സഞ്ചാരത്തിന് ഏറെ പ്രയോജനപ്പെടും മാളക്കടവും അതിന്റെ വികസനവും
പി.എം നൗഷാദ്.
മുസ്‌രിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ
" യഹൂദർ അടക്കമുള്ളവർ മാളയിലേക്ക് എത്തിയതും വിദേശികൾ കച്ചവടത്തിനായി ഉപയോഗിച്ചതും മാളക്കടവിനെയാണ്. ആ ചരിത്രം വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്ന തരത്തിൽ പുനർനിർമ്മിക്കും.
അഡ്വ. വി.ആർ. സുനിൽകുമാർ
എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |