ബീജിംഗ്: ചൈനയിലും ഹോങ്കോംഗിലും ഉള്ള അമേരിക്കൻ നയതന്ത്രപ്രതിനിധികളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചൈന. കഴിഞ്ഞ വർഷം ചൈനയുടെ നയതന്ത്രപ്രതിനിധികൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് നീതിയുക്തമായ മറുപടി എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്.
ബീജിംഗിലെ അമേരിക്കൻ എംബസിയിലും ചൈനയിലുടനീളമുള്ള കോൺസുലേറ്റുകളിലുമുള്ള മുതിർന്ന പ്രതിനിധികൾ ഉൾപ്പെടെ എല്ലാ യു.എസ് ഉദ്യോഗസ്ഥർക്കും നിയന്ത്രണങ്ങൾ ബാധകമാണെന്ന് വെള്ളിയാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ചൈനീസ് വിദേശകാര്യവക്താവ് വ്യക്തമാക്കി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള വിനിമയവും സഹവർത്തിത്വവും തുടരുമെന്നും കഴിഞ്ഞ ഒക്ടോബറിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്ക നീക്കം ചെയ്യുന്ന പക്ഷം ചൈനയും അവ ഒഴിവാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ചൈനയ്‌ക്കെതിരെയുള്ള നടപടികൾ എത്രയും പെട്ടെന്ന് തിരുത്താൻ യു.എസ് തയ്യാറാവുന്നില്ലെങ്കിൽ അതേ നാണയത്തിൽ തന്നെ തങ്ങൾ പ്രതികരിക്കുമെന്ന് പ്രസ്താവനയിൽ ചൈന വ്യക്തമാക്കി. യു.എസിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾക്ക് കോളേജ് ക്യാംപസുകളിലും രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും നേരത്തെ തന്നെ ചൈനയിൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്.
ചൈനയിൽ നിന്നുള്ള നയതന്ത്രഉദ്യോഗസ്ഥർ യു.എസിൽ നടത്തുന്ന യാത്രകൾ, അമേരിക്കയിലെ ചൈനീസ് വംശജരും ചൈനീസ് വിദ്യാർത്ഥികളുമായി നടത്തുന്ന കൂടിക്കാഴ്ച എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ അറിയിക്കണമെന്ന് യു.എസ് നിർദ്ദേശം നിലവിലുണ്ട്.
ചൈനയിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾക്ക് യു.എസ് മാദ്ധ്യമങ്ങളോട് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതേ സമയം ചൈനയിലെ യു.എസ് പ്രതിനിധികൾക്ക് വിലക്കുണ്ടെന്നും വാഷിംഗ്ടൺ കുറ്റപ്പെടുത്തി
ജൂലായിൽ ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് അടച്ചു പൂട്ടാനുള്ള യു.എസ് ഉത്തരവോടെ വാണിജ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സംഘർഷം നയതന്ത്ര, മാദ്ധ്യമ മേഖലകളിലേക്ക് കൂടി വ്യാപിച്ചു. തെക്കു പടിഞ്ഞാറൻ ചൈനീസ് നഗരമായ ഷെങ്ഡുവിലെ യു.എസ് കോൺസുലേറ്റ് അടച്ചുപൂട്ടിയാണ് ചൈന പ്രതികരിച്ചത്. ഹിമാലയൻ മേഖലയായ ടിബറ്റിലെ യു.എസ് നിരീക്ഷണത്തിന് ഇതോടെ വൻ തിരിച്ചടിയായി.
രാജ്യത്തെ മാദ്ധ്യമമേഖലയിൽ പ്രവർത്തിക്കുന്ന 60 ഓളം ചൈനാക്കാരെ യു.എസ് ജോലിയിൽ നിന്ന് പുറത്താക്കി. കൂടാതെ ബാക്കിയുള്ള ചൈനാക്കാരുടെ വിസാകാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് മാസമായി ചുരുക്കുകയും ചെയ്തു. ഇതേ തുടർന്ന് ചൈനയിലെ യു.എസ് മാദ്ധ്യമപ്രവർത്തകരുടെ വിസ പുതുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ചൈന അലംഭാവം കാണിച്ചു തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |