മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തിയുടെ ജയിൽ ജീവിതം നരകതുല്യമെന്ന് റിപ്പോർട്ട്.
മുംബയ് ബൈക്കുള ജയിലിൽ റിയക്കായി ഒരുക്കിയ ഒറ്റമുറി സെല്ലിൽ സീലിംഗ് ഫാനോ കിടക്കയോ ഇല്ല. നിലത്ത് പായവിരിച്ചാണ് നടി ഉറങ്ങുന്നത്. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ദ്രാണി മുഖർജിയുടെ തൊട്ടടുത്ത സെല്ലിലാണ് റിയ.
സുരക്ഷാ കാരണങ്ങളാലാണ് റിയയെ ഒറ്റമുറി സെല്ലിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ എത്തിയതിനാൽ സഹ തടവുകാർ ആക്രമിക്കുമെന്നും ആശങ്കയുണ്ട്.
മൂന്നു ഷിഫ്റ്റുകളിലായി രണ്ടു പൊലീസ് കോൺസ്റ്റബിൾമാർ വീതം റിയക്ക് കാവലുണ്ടാകും.
റിയക്ക് കിടക്കയും തലയിണയും അനുവദിച്ചിട്ടില്ലെന്നും കോടതി പറഞ്ഞാൽ ടേബിൾ ഫാൻ അനുവദിക്കാമെന്നും ജയിൽ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചയാണ് റിയയെ മുംബയ് പൊലീസ് അറസ്റ്റു ചെയ്തത്. 22 വരെയാണ് റിയയെ ജുഡിഷ്യൽ കസ്റ്റഡി.
സാറാ അലി ഖാനും രാകുൽ പ്രീതും സംശയനിഴലിൽ
ലഹരിക്കേസിൽ നടി റിയാ ചക്രവർത്തി നൽകിയ മൊഴിയിൽ ബോളിവുഡിലെ 25 പ്രമുഖരുടെ പേരുണ്ടെന്നും ഇതിൽ നടിമാരായ സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഫാഷൻ ഡിസൈനർ സിമോണെ ഖംബട്ട എന്നിവരെ എൻ.സി.ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ട്. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറ. തനിക്കൊപ്പം സാറയും രാകുലും ലഹരി ഉപയോഗിച്ചിരുന്നതായി നാർക്കോട്ടിക്സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ റിയ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തെ റിയയുടെ കോൾ റെക്കോർഡ് പരിശോധിച്ചതിൽ ഇവർ രാകുലും സിമോണുമായി ബന്ധപ്പെട്ടതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. സുശാന്തും സാറയും പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വേർപിരിഞ്ഞുവെന്നുമുള്ള സുശാന്തിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. സാറയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കേദാർനാഥിലെ നായകനായിരുന്നു സുശാന്ത്.
റിയയ്ക്ക് പിന്തുണയുമായി ബംഗാളിൽ റാലി
കൊൽക്കത്ത: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ റിയ ചക്രവർത്തിക്ക് പിന്തുണയറിച്ച് പശ്ചിമബംഗാളിൽ കോൺഗ്രസ് റാലി. ബംഗാളിന്റെ മകളായ റിയക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു റാലി. പശ്ചിമബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരിയുടെ നിർദ്ദേശപ്രകാരമായിരുന്നു റാലി സംഘടിപ്പിച്ചത്.
റിയ ചക്രവർത്തിക്കെതിരേ എഫ്.ഐ.ആർ. സമർപ്പിച്ചതിന് പിന്നാലെ മുംബയ് പൊലീസിൽ നിന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ബിഹാർ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാർ മുംബയ് പൊലീസിന്റെ അന്വേഷണം ന്യായീകരിക്കുകയും ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |