മണ്ണാർക്കാട്: ഒരാഴ്ചയായി കനത്ത മഴ തുടരുന്നത് മലയോര മേഖലയിലെ ജനജീവിതം ദുസഹമാക്കുന്നു. ദേശീയ- സംസ്ഥാന പാതകളിലടക്കം വെള്ളക്കെട്ടും റോഡിന്രെ തകർച്ചയും അട്ടപ്പാടി ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണിയും യാത്രക്കാരെ വലയ്ക്കുകയാണ്. മലയോര മേഖലയിലെ പല പ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വെള്ളിയാറും കുന്തിപ്പുഴയും കൈവഴികളുമെല്ലാം നിറഞ്ഞൊഴുകുന്നു.
കോട്ടോപ്പാടം അമ്പലപ്പാറ, കരടിയോട് കോളനികൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ശക്തമായ മഴയിൽ അമ്പലപ്പാറ കോളനിക്ക് സമീപം പാറ ഉരുണ്ടുവീണു. മരങ്ങളും മറ്റും കടപുഴകി വീണു. വിവരമറിഞ്ഞ് തഹസിൽദാർ, ട്രൈബൽ ഓഫീസർ ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ചു. കോളനിയിലെ 12 കുടുംബങ്ങളോടും അമ്പലപ്പാറ കോളനിയിലെ എട്ട് കുടുംബങ്ങളോടും ബന്ധുവീടുകളിലേക്ക് മാറാൻ നിർദേശം നൽകി.
ചുരത്തിൽ ശ്രദ്ധ
അട്ടപ്പാടി ചുരത്തിൽ പത്താംമൈൽ താഴെ ചെറിയ തോതിൽ മണ്ണിടിഞ്ഞത് ഇതുവഴിയുള്ള വാഹനയാത്രയ്ക്ക് വെല്ലുവിളിയായി. ആനമൂളി, കാഞ്ഞിരപ്പുഴ, പാലക്കയം, കരിമ്പ മേഖലകളിലും കനത്ത മഴ ഭീഷണി സൃഷ്ടിക്കുന്നു. മലനിരകളിലും ശക്തമായ മഴ പെയ്യുന്ന തിനാൽ കുന്തിപ്പുഴ, നെല്ലിപ്പുഴ, ചൂരിയോട് പുഴകളിലെല്ലാം നീരൊഴുക്ക് ശക്തമായി. തെങ്കര കോസ് വേയിൽ വെള്ളം കയറിയതോടെ വലിയ വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാനാകൂ. മലവെള്ളപ്പാച്ചിലുണ്ടായാൽ അലനല്ലൂർ കണ്ണംകുണ്ട് കോസ് വേ ഏതുനിമിഷവും വീണ്ടും വെള്ളത്തിനടിയിലാകുമെന്നതിനാൽ ഇതുവഴി യാത്ര അപകട ഭീതിയിലാണ്.
ദേശീയപാതയിൽ വെള്ളക്കെട്ട്
കനത്ത മഴ മൂലം മണ്ണാർക്കാട്- പാലക്കാട് ദേശീയപാതയിൽ പലയിടത്തും തകർന്ന റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തിന് തടസമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചിറക്കൽപ്പടി മുതൽ പനയംപാടം വരെ പല ഭാഗങ്ങളിലും റോഡ് വെള്ളത്തിൽ മുങ്ങിയത് വാഹനസഞ്ചാരം ദുഷ്കരമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |