കോഴിക്കോട് : മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ടും സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് എ.ബി.വി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തി വീശി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.വി. രജീഷ് ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. എ.ബി.വി.പി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കമ്മിഷണർ ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷം തുടർന്നതോടെ പൊലീസ് ലാത്തിവീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.വി. രജീഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അമൽ മനോജ്, ജില്ലാ സെക്രട്ടറി കെ.ടി. ശ്യാം ശങ്കർ, ജില്ലാ സമിതി അംഗം എൻ.ടി. പ്രവീൺ, രാമനാട്ടുകര നഗർ സെക്രട്ടറി ആകാശ്, അശ്വിൻ പെരുവയൽ, ഉദയ് കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.വി രജീഷ് മാർച്ച് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. ജില്ലാ പ്രസിഡന്റ് കെ.കെ. അമൽ മനോജ്, ജില്ലാ സെക്രട്ടറി കെ.ടി. ശ്യാം ശങ്കർ, എൻ.ടി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
എ.ബി.വി.പി പ്രതിഷേധിച്ചു
കോഴിക്കോട്: കോഴിക്കോട്ട് പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്കുനേരെയുണ്ടായ ലാത്തിച്ചാർജിൽ എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം.എം ഷാജി പ്രതിഷേധിച്ചു. പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനാവില്ലെന്നും കെ.ടി. ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കുംവരെ പ്രതിഷേധം തുടരുമെന്നും എം.എം. ഷാജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |