പാലക്കാട്: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് നഗരവും വ്യവസായ മേഖലയും ചലിച്ച് തുടങ്ങിയിട്ടും വായുമലീകരണ തോത് കുറഞ്ഞുതന്നെ. ലോക്ക് ഡൗണിന് മുമ്പ് കഞ്ചിക്കോട്ടെ അന്തരീക്ഷ മലിനീകരണം 80 ആർ.എസ്.പി.എം (റെസ്പിറബിൾ സസ്പെൻഡസ് പെർട്ടിക്കുലേറ്റ് മാറ്റർ) ആയിരുന്നു. ലോക്ക് ഡൗണോടെ അത് 40-50 ആയി താണു.
അൺലോക്ക് നാലാംഘട്ടത്തോടെ കഞ്ചിക്കോട് വ്യവസായ മേഖല 70% തുറന്നെങ്കിലും മലിനീകരണ തോത് 50ൽ നിൽക്കുന്നു. തൊഴിലാളി ക്ഷാമം കാരണം പൂർണ്ണതോതിൽ വ്യവസായ ശാലകൾ പ്രവർത്തന സജ്ജമാകാത്തതാണ് മലിനീകരണം കുറഞ്ഞ് നിൽക്കാൻ കാരണം.
വായു മലിനീകരണ തോത് പ്രധാനമായും അളക്കുന്നത് അന്തരീക്ഷത്തിലെ പൊടിപടല സാന്നിദ്ധ്യം പരിശോധിച്ച് പി.എം 10 (പെർട്ടിക്കുലേറ്റ് മാറ്റർ) തോതിലാണ്. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് വ്യവസായ മേഖലയിൽ 100 ആർ.എസ്.പി.എം (ഒരു ഘനമീറ്റർ വായുവിൽ 100 മൈക്രോഗ്രാം) പൊടിപടലങ്ങളാണ് പരമാവധി അനുവദനീയം. ജില്ലയിൽ മലീനികരണ തോത് അളക്കുന്നതിനുള്ള സംവിധാനം കഞ്ചിക്കോട് മാത്രമാണുള്ളത്. മലിനീകരണം കുറഞ്ഞത് മൂലം ജനങ്ങളിലെ വായുജന്യ രോഗവും കുറയും. നഗരത്തിൽ ഇത്തരം പരിശോധന സംവിധാനമില്ലെങ്കിലും ലോക്ക് ഡൗണിന് മുമ്പുള്ള മലിനീകരണമില്ലെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
5 ജില്ലകൾ
എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വായുമലിനീകരണ തോത് കൂടുതലാണെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തൽ.
മലിനീകരണം കണക്കാക്കൽ ഇങ്ങനെ
കഞ്ചിക്കോട്ട് മാസത്തിൽ പത്തുതവണയാണ് വായുവിന്റെ ഗുണനിലവാരം അളക്കുന്നത്. ഇതിന് പ്രത്യേകം സജ്ജീകരിച്ച യന്ത്രങ്ങൾ (ആംബിയന്റ് എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ) തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഓരോ കേന്ദ്രത്തിലും 24 മണിക്കൂർ സ്ഥാപിക്കും. തുടർന്ന് പത്ത് ദിവസത്തെയും ശരാശരി പരിഗണിച്ചാണ് ഒരു മാസത്തെ മലിനീകരണ തോത് കണക്കാക്കുന്നത്.
വാഹനങ്ങളും പ്രധാന ഘടകം
ഏപ്രിൽ മുതൽ ഇതുവരെ മലിനീകരണം കുറഞ്ഞാണ് നിൽക്കുന്നത്. നിരത്തിലെ വാഹനങ്ങളുടെ കുറവും തോത് കുറഞ്ഞതിലെ പ്രധാന ഘടകമാണ്. മഴക്കാലമായതും അന്തരീക്ഷ മലിനീകരണം കുറയാൻ കാരണമായി.
-എം.എൻ.കൃഷ്ണൻ, ജില്ലാ എൻവിയോൺമെന്റ് ഓഫീസർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |