തൃശൂർ: ജില്ലയ്ക്ക് അഭിമാനമായി ശക്തൻ നഗറിൽ കുടുംബശ്രീക്ക് മൂന്ന് നിലകളോടുകൂടിയ ആസ്ഥാനമന്ദിരം യാഥാർത്ഥ്യമായി. മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. സമൂഹത്തിൽ ബോധപൂർവമായ നിരവധി ഇടപെടലുകൾ നടത്തി വികസന രംഗത്ത് മാതൃകയാകാൻ തൃശൂർ കോർപറേഷന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് വിവിധ ധനസഹായങ്ങൾ നൽകിയ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, സഹകരണ ബാങ്കുകൾ എന്നീ ബാങ്കുകൾക്കുള്ള ആദരം അർപ്പിക്കൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അദ്ധ്യക്ഷനായി. ശിലാഫലക അനാച്ഛാദനവും 1998 മുതലുള്ള കുടുംബശ്രീ ചെയർപേഴ്‌സൺമാരെ ആദരിക്കലും മേയർ നിർവഹിച്ചു.
മട്ടുപ്പാവ് കൃഷി, ഡേ കെയർ, ഫിറ്റ്‌നസ് സെന്റർ, ആയുർവേദ നഴ്‌സറി, കെന്നൽസ് തുടങ്ങിയ മേഖലകളിൽ വിജയം കൈവരിച്ച നവസംരംഭകരെ കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ ആദരിച്ചു.
കുടുംബശ്രീ മെമ്പർ സെക്രട്ടറി പി.ബി. ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. റാഫി ജോസ്, മുൻ മേയർ അജിത വിജയൻ, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, സി.ഡി.എസ് 1 ചെയർപേഴ്‌സൺ സുലോചന ഗോപിനാഥ്, സി.ഡി.എസ് 2 ചെയർപേഴ്‌സൺ ഷീബ തിമോത്തി, ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ, ശാന്ത അപ്പു, എം.എൽ. റോസി, വിൽവട്ടം സഹകരണ ബാങ്ക് പ്രതിനിധി മുരളി തുടങ്ങിയവർ പങ്കെടുത്തു.
മന്ദിരം നിർമ്മാണം
2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ച്
കാര്യാലയത്തിലെ ഫർണിച്ചറുകൾക്ക് 20 ലക്ഷവും വിപണന കേന്ദ്രത്തിന് 70 ലക്ഷം രൂപയും
ഒന്നാം നിലയിൽ കമ്മ്യൂണിറ്റി ഹാളും രണ്ടാം നിലയിൽ ഷീ ലോഡ്ജും ഗ്രൗണ്ട് ഫ്‌ളോറിൽ കുടുംബശ്രീ ഓഫീസുകളും
കോർപറേഷൻ പരിധിയിലെ 1350 അയൽക്കൂട്ടങ്ങളിലായി 25000 വനിതകൾക്ക് മന്ദിരം ഉപകാരപ്രദം
തൃശൂർ കോർപറേഷനിൽ
സി.ഡി.എസ് 1: ഡിവിഷൻ ഒന്ന് മുതൽ 27 വരെ
സി.ഡി.എസ് 2: ഡിവിഷൻ 28 മുതൽ 55 വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |