സർക്കസ് കലാകാരൻമാർ ടെന്റുകളിൽ
ആലപ്പുഴ: ആളൊഴിഞ്ഞ മൈതാനത്തിന്റെ അറ്റത്ത് പുല്ലു തിന്നുന്ന കുതിരകൾ, ഇരുമ്പു കൂട്ടിൽ ചടഞ്ഞിരുന്ന് കലപിലകൂട്ടുന്ന ആസ്ട്രേലിയൻ തത്തകൾ, ചുറ്റും കണ്ണോടിച്ച് നിർവികാരമായി നിൽക്കുന്ന ഒട്ടകങ്ങൾ - ആരവമൊഴിഞ്ഞ ഒരു സർക്കസ് കൂടാരത്തിലെ 'ലൈവ്" കാഴ്ചകളാണിത്. കായംകുളം കെ.എസ്.ആർ.ടി ഡിപ്പോയ്ക്ക് സമീപത്തുള്ള മൈതാനത്തിലെ ജംബോ സർക്കസ് കലാകാരന്മാർ ആറുമാസമായി കൊവിഡിന്റെ 'തടവറ'യിലാണ്. ഫെബ്രുവരി അവസാനമാണ് സർക്കസ് തുടങ്ങിയത്. മാർച്ച് 10ലെ പ്രദർശനം കഴിഞ്ഞതോടെ ക്യാമ്പിന് തിരശീല വീണു. കലാകാരന്മാരും സഹായികളുമുൾപ്പെടെ 120 പേർ കൂടാരത്തിൽ കുടുങ്ങി. ഇവരിലധികവും നേപ്പാൾ, ബീഹാർ, ബംഗാൾ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ടാൻസാനിയക്കാരടക്കം പകുതിപ്പേർ നാടുകളിലേക്ക് മടങ്ങി. ശേഷിക്കുന്ന 60 പേരും കുറെ ജീവികളും ഇപ്പോഴും അടച്ചിരിപ്പിലാണ്. പിന്തുണച്ച് നാട്ടുകാർ വരുമാനമില്ലാതായതോടെ ആദ്യം കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണമെത്തിച്ചു. പ്രദേശത്തെ യുവജന സംഘടനകളും കരുണകാട്ടി. യു. പ്രതിഭ എം.എൽ.എ ഇടപെട്ട് സിവിൽ സപ്ലൈസ് വകുപ്പിലൂടെ റേഷൻ ലഭ്യമാക്കി. ടെന്റുകളിലെ വിരസതയാണ് ആകെയുള്ള അസ്വസ്ഥത. ബാദ്ധ്യത ചെറുതല്ല കണ്ണൂർ സ്വദേശികളും സഹോദരങ്ങളുമായ അജയ്ശങ്കറും അശോക് ശങ്കറുമാണ് കമ്പനിയുടമകൾ. രണ്ട് യൂണിറ്റുകളിൽ ഒരെണ്ണം കോട്ടയ്ക്കലിലുമുണ്ട്. കായംകുളം കഴിഞ്ഞ് എറണാകുളത്തായിരുന്നു ക്യാമ്പ് നിശ്ചയിച്ചിരുന്നത്. സ്ഥലവാടക, ജനറേറ്റർ, വൈദ്യുതി ചാർജ്, ഭക്ഷണം, ശമ്പളമുൾപ്പെടെ ഒരു ലക്ഷം രൂപ പ്രതിദിനം ചെലവാകും. മുൻനിര കലാകാരന്മാർക്ക് ദിവസം 2000 രൂപ വരെയാണ് ശമ്പളം. സർക്കസില്ലെങ്കിലും എല്ലാവർക്കും പകുതി ശമ്പളം നൽകുന്നുണ്ട്. നാല് കുതിര, രണ്ട് ഒട്ടകം, ആറ് വിദേശയിനം നായ്ക്കൾ, ആറ് ആസ്ട്രേലിയൻ തത്തകൾ തുടങ്ങിയവയുടെ ഭക്ഷണവും പരിപാലനവും വേറെ. പകുതിപ്പേർ പോയതിനാൽ ചെലവ് അല്പം കുറഞ്ഞു. 'പ്രതിസന്ധി എപ്പോൾ തീരുമെന്ന് പറയാനാവില്ല. കായംകുളത്തെ ജനങ്ങളും എം.എൽ.എ പ്രതിഭ, നഗരസഭ അദ്ധ്യക്ഷൻ ശിവദാസ് തുടങ്ങിയവർ നൽകുന്ന സ്നേഹവും സഹായവും മറക്കാനാവില്ല". സേതുമോഹനൻ, മാനേജർ, ജംബോ സർക്കസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |