കൊവിഡ് ബാധിതർ കൂടുന്നു
കൊല്ലം: ജില്ലയിൽ ഇന്നലെ 355 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈമാസം 9ലെ 362 ആണ് ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന പോസിറ്റീവ് കേസുകൾ. വരും ദിവസങ്ങളിൽ ഈ റെക്കാഡ് തകർക്കപ്പെടുമെന്നാണ് ഇന്നലത്തെ കണക്ക് നൽകുന്ന സൂചന.
ഇന്നലെ പോസിറ്റീവായ എട്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 350 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. അഞ്ച് പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഈ മാസം 11ന് മരിച്ച തങ്കശേരി സ്വദേശിനി മാർഗരിന്റെ (68) മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ആലപ്പാട്, ഇളമാട്, ഇളമ്പള്ളൂർ വെറ്ററിനറി ജംഗ്ഷൻ, കരവാളൂർ വെഞ്ചേമ്പ്, കുലശേഖരപുരം ആദിനാട്, തങ്കശേരി കൈക്കുളങ്ങര, തങ്കശേരി, തൃക്കരുവ മണലിക്കട, തെക്കുംഭാഗം മാലിഭാഗം, തേവലക്കര കോയിവിള, ശാസ്താംകോട്ട ഭരണിക്കാവ് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗമുക്തിയിൽ റെക്കാഡ്
കൊവിഡ് ബാധ വർദ്ധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും ഉയരുന്നത് ചെറിയ ആശ്വാസമാണ്. ഇന്നലെ 355 പേർ രോഗമുക്തരായി. 17ന് 325 പേർ രോഗമുക്തരായിരുന്നു. നേരത്തെ കൊവിഡ് ബാധിതരായവർ രോഗമുക്തി നേടി മടങ്ങിയില്ലെങ്കിൽ കൂടുതൽ ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറക്കേണ്ടി വരും.
രോഗബാധ 8000 കടന്നു
ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,205 ആയി. 5,580 പേർ ഇതുവരെ രോഗമുക്തരായി. 2591 പേർ നിലവിൽ ചികിത്സയിലുണ്ട്.
ഐ.സി.യുവിൽ: 20 പേർ
വെന്റിലേറ്ററിൽ: 4 പേർ
ഫസ്റ്റ് / സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ: 17
നിരീക്ഷണത്തിലുള്ള രോഗബാധിതർ: 1,194
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |