ചവറയിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. പക്ഷെ സൈബർ യുദ്ധം കൊഴുക്കുകയാണ്. സംവാദങ്ങളും വിവാദങ്ങളും കടന്ന് സൈബർലോകത്ത് മുന്നണി പ്രവർത്തകർ തമ്മിൽ വെല്ലുവിളികളും മുഴുങ്ങുന്നുണ്ട്. ചില കശപിശകൾ തെരുവിലേക്കും വ്യാപിച്ചിട്ടുണ്ട്. പാർട്ടി നേതാക്കൾ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെങ്കിൽ സംഗതി കൈവിട്ട് പോകുന്ന മട്ടാണ്.
കൊവിഡ് വന്നതോടെ വലിയ യോഗങ്ങൾ പോയിട്ട് രാഷ്ട്രീയ പാർട്ടികൾക്ക് കമ്മിറ്റികൾ പോലും ചേരാനാവാത്ത അവസ്ഥയായി. ചായക്കടകളിലെ ചൂടുള്ള ചർച്ചകളും നനഞ്ഞു. വീടുകളുടെ ഗേറ്റുകളും കതകുകളും തുറക്കുന്നില്ല. കുശലാന്വേഷണത്തിന് പോലും രാഷ്ട്രീയ നേതാക്കൾക്ക് ആളിനെ കിട്ടാനില്ല. ഈ സമയത്താണ് എല്ലാ പാർട്ടികളും സൈബർ ലോകത്ത് ആയുധങ്ങളുമായി ഇറങ്ങിയത്. അടിത്തട്ട് മുതൽ മേൽത്തട്ട് വരെയുള്ള രാഷ്ട്രീയക്കാർ ഫേസ് ബുക്കിലും വാട്സ് ആപ്പിലും ടെലിഗ്രാമിലും അക്കൗണ്ടുകൾ തുറന്നു. നേതാക്കൾ ഫേസ് ബുക്കിൽ പ്രസംഗിച്ച് വെപ്രാളം തീർത്തു. അണികൾ കൈയടിയായി സ്മൈലികളും ഇമോജികളും വിതറി. ഇതിനിടയിലാണ് ഇടിമിന്നൽ പോലെ ചവറയിലെ ഉപതിരഞ്ഞെടുപ്പ് വിളംബരമെത്തിയത്.
പണ്ടത്തെപ്പോലെ ആളിനെക്കൂട്ടി ശക്തി തെളിയിക്കാനാകില്ല. വമ്പൻ നേതാക്കളെയെത്തിച്ച് യോഗങ്ങൾ നടത്താനുമാകില്ല. എങ്കിൽ പിന്നെ പോരാട്ടം സൈബർ ലോകത്ത് തുടരട്ടേയെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. എൽ.ഡി.എഫ് പ്രവർത്തകർ സർക്കാരിന്റെ വികസന നേട്ടങ്ങൾ നവമാദ്ധ്യമങ്ങളിൽ വാരിവിതറി. യു.ഡി.എഫ് പ്രവർത്തകർ സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ വിവാദങ്ങളുടെയും സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെയും കെട്ടുപൊട്ടിച്ചു. ബി.ജെ.പി പ്രവർത്തകർ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം ഇരുമുന്നണികൾക്കുമെതിരെ വാൾ വീശി.
പക്ഷെ എല്ലാ പാർട്ടിക്കാരും യുദ്ധമര്യാദകൾ മറന്ന് സൈബർ ലോകത്ത് തുടരെ ഫൗൾ കാട്ടുകയാണ്. എതിർ പാർട്ടിക്കാരന്റെ പോസ്റ്റിന് കീഴെയുള്ള പൊങ്കാല അഭിഷേകങ്ങൾ തെറിവിളിയും കടന്ന് കൊലവിളിയുടെ വക്കോളമെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഉപതരിഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ലെൽ ചവറയിലെ സൈബർ യുദ്ധം കൈവിട്ട് പോകുന്ന ലക്ഷണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |