ന്യൂഡൽഹി: വിദേശകാര്യമന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും മോസ്കോയിലുണ്ടാക്കിയ അഞ്ചിന പരിപാടികൾ പ്രകാരം സേനാപിന്മാറ്റത്തിനുള്ള നടപടിക്രമങ്ങൾ തയ്യാറാക്കാൻ ഇന്ത്യാ-ചൈനാ സൈനിക കമാൻഡർമാർ ചർച്ച നടത്തി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചുഷൂലിൽ ഇന്ത്യൻ അതിർത്തിക്കുള്ളിലെ മോൾഡോയിൽ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്‌തവയും പങ്കെടുത്തു.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ചീഫ് ഒഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്തും കരസേനാ മേധാവി ജനറൽ എം.എം.നരാവനെ അടക്കമുള്ളവരും അടങ്ങിയ സമിതി ചർച്ച ചെയ്‌ത് തയ്യാറാക്കിയ അജണ്ടകളാണ് ഇന്ത്യ ചർച്ചയിൽ മുന്നോട്ടുവച്ചത്. വടക്കൻ ലഡാക് അതിർത്തിയിൽ ഏപ്രിൽ മാസത്തെ തൽസ്ഥിതി തുടരുന്ന വിധത്തിൽ സൈനിക പിൻമാറ്റം നടത്താനും പ്രകോപനങ്ങൾ ഒഴിവാക്കാനുമുള്ള നിർദ്ദേശങ്ങളാണ് ഇന്ത്യയുടേത്.
മെയിൽ അതിർത്തിയിൽ സംഘർഷമുടലെടുത്ത ശേഷം നടക്കുന്ന ആറാം വട്ട കമാൻഡർ തല ചർച്ചയാണിത്. ഇന്ത്യൻ സംഘത്തെ നയിച്ച 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും ഇതിനു മുമ്പ് ആഗസ്‌റ്റ് മൂന്നിനാണ് കൂടിക്കാഴ്‌ച നടത്തിയത്. അന്നുണ്ടാക്കിയ ധാരണകൾ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പാംഗോഗ് തടാകത്തിന് തെക്ക് പുതിയ സംഘർഷമേഖല രൂപപ്പെടുകയും ചെയ്‌തു. തെക്കൻ കരയിലെ ഉയർന്ന മലനിരകൾ പിടിച്ചെടുക്കാൻ ചൈന നടത്തിയ നീക്കം ഇന്ത്യൻ സേന പരാജയപ്പെടുത്തിയതാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. തുടർന്നാണ് റഷ്യയിൽ ഷാംഗായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെ ആദ്യം പ്രതിരോധ മന്ത്രിമാരും പിന്നീട് വിദേശ മന്ത്രിമാരും ചർച്ച നടത്തി ധാരണകളിലെത്തിയത്. ഗാൽവൻ, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്ന് ഇരുപക്ഷവും രണ്ടു കിലോമീറ്ററോളം പിൻമാറിയ ശേഷം പിൻമാറ്റ നടപടികൾ തടസപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |