തിരുവനന്തപുരം: തലസ്ഥാന വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അനുവദിച്ച അമൃത് പദ്ധതിയിലെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായുള്ള അടൽ മിഷൻ ഫോർ റെജുവെനേഷൻ ആൻഡ് അർബൻ ട്രാൻസ്‌പോർട്ട് (അമൃത്) പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കിയത് 2015ലാണ്. പല കോണുകളിലെയും താത്പര്യക്കുറവ് കാരണം രണ്ടുവർഷം കഴിഞ്ഞാണ് പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ മറ്ര് കോർപറേഷനുകളിലും പാലക്കാട്, ആലപ്പുഴ, കണ്ണൂർ നഗരസഭകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. നഗരങ്ങളിലെ ഗതാഗതം, വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ, ശുദ്ധജല വിതരണം, സ്വിവേജ് ആൻഡ് സെപ്‌റ്റേജ്, പാർക്കുകളുടെയും ഓപ്പൺ സ്‌പെയിസുകളുടെയും നിർമ്മാണം എന്നിവയാണ് നടപ്പാക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ 50 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കും. 30 ശതമാനം സംസ്ഥാനവും 20 ശതമാനം നഗരസഭയും വഹിക്കണം. 2020 മാർച്ചിൽ അവസാനിക്കേണ്ട പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
മൾട്ടി ലെവൽ കാർ പാർക്കിംഗ് റെഡി
കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണം ഇഴഞ്ഞുനീങ്ങുമ്പോഴും നഗരസഭയിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് സെന്റർ അടുത്ത മാസം ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ് അധികൃതർ. ഇതിന്റെ സിവിൽ പ്രവൃത്തി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇനി ഇലക്ട്രിക്കൽ സംബന്ധിച്ച് പ്രവൃത്തി ഫയർഫോഴ്സിന്റെ അനുവാദവും ലഭിക്കണം. അടുത്ത മാസം പദ്ധതി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് മേയർ കെ. ശ്രീകുമാർ പറയുന്നത്. ഇതിന്റെ നിർമ്മാണം ആരംഭിച്ചിട്ട് ഒന്നര വർഷത്തോളമായി. അതേസമയം പുത്തരിക്കണ്ടത്തും മെഡിക്കൽ കോളേജിലും അമൃത് പദ്ധതിയുടെ ഭാഗമായുള്ള മൾട്ടി ലെവൽ കാർ പാർക്കിംഗ് പൂർത്തിയായിട്ടില്ല. പുത്തരിക്കണ്ടത്തെ കേന്ദ്രത്തിൽ 216 കാറുകളും 45 ഓട്ടോ റിക്ഷകളും 240 ടുവീലറുകളും പാർക്ക് ചെയ്യാൻ കഴിയും.
നഗരസഭയിലെ കാർ പാർക്കിംഗ്
കേന്ദ്രത്തിന്റെ പ്രത്യേകതകൾ
ഏഴ് നിലയുള്ള പാർക്കിംഗ് കേന്ദ്രം
102 കാറുകൾ വരെ പാർക്ക് ചെയ്യാം
5.5 കോടി രൂപയാണ് ചെലവ്
തുകയുണ്ട്, ചെലവഴിച്ചില്ല
അനുവദിച്ച തുകകളിൽ ഇനിയും തുക ചെലവാക്കാനുണ്ട്. സ്വീവറേജ്, സെപ്റ്രേജ് മേഖലയിലാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയത്. 159.66 കോടിയിൽ ചെലവഴിച്ചത് 26.20 കോടിയാണ്. മെഡിക്കൽ കോളേജിലെ സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റും കടലാസിൽ മാത്രം. അരുവിക്കരയിലെ പ്ളാന്റ് ഉൾപ്പെടെ ജലവിതരണത്തിനായി 99.04 കോടി വകയിരുത്തിയപ്പോൾ 38.26 കോടിയാണ് ചെലവഴിച്ചത്. വെള്ളക്കെട്ട് പരിഹരിക്കാൻ 61.07 കോടി വകയിരുത്തിയപ്പോൾ 20.86 കോടി ചെലവഴിച്ചു. പാർക്കുകൾക്കും മറ്രുമായി 5.85 കോടി വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 5 ശതമാനം തുക മാത്രമാണ്. നഗരഗതാഗതത്തിനുള്ള 31.73 കോടിയിൽ ചെലവഴിച്ചത് എട്ട് ലക്ഷം രൂപ മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |