ന്യൂഡൽഹി : ബീഹാർ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. വർഷങ്ങൾക്ക് മുമ്പ് 2015 നിയമസഭയിലേക്ക് ബീഹാർ രാഷ്ട്രീയത്തിലെ വൻ മരങ്ങളായ ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും, ഒപ്പം കോൺഗ്രസും ബി.ജെ.പിയ്ക്കെതിരെ ' മഹാഗദ്ബന്ധൻ ' സഖ്യമായാണ് മത്സരിച്ചത്. സംഭവബഹുലമായ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് ഒടുവിലാണ് അത്തരമൊരു സഖ്യം രൂപം കൊണ്ടത്. ലാലു പ്രസാദ് യാദവ് അന്ന് നിതീഷ് കുമാറുമായി ആർ.ജെ.ഡി - ജെ.ഡി.യു സഖ്യമായി മത്സരിക്കാൻ തയാറായിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉൾക്കൊള്ളാൻ ലാലുപ്രസാദ് തയാറായിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം അക്കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്നായിരുന്നും ലാലുവിന്റെ പക്ഷം.
എന്നാൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ മാത്രമേ സഖ്യം വിജയിക്കുകയുള്ളു എന്നും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അവ്യക്തത തുടർന്നാൽ ലാലു പ്രസാദ് ആകും എല്ലാം നിയന്ത്രിക്കുക എന്നും ലാലുവിന്റെ ' ജംഗിൾ രാജ് ' ബീഹാറിൽ വീണ്ടും തിരിച്ചു വരുമെന്നും ജനങ്ങൾ കരുതുമെന്നായിരുന്നു സമാജ്‌വാദി പാർട്ടിയുടെ മുലായം സിംഗ് യാദവ് ഉൾപ്പെടെയുള്ള നേതാക്കളോട് നിതീഷ് കുമാർ പറഞ്ഞത്. തുടർന്ന് മുലായം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ലാലുപ്രസാദിനെ വീണ്ടും കണ്ടു സംസാരിച്ചെങ്കിലും വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. രാഷ്ട്രീയത്തിൽ തന്റെ എതിരാളിയായിരുന്നു നിതീഷ് കുമാർ എന്ന കാര്യം ലാലു എല്ലാവരെയും ഓർമപ്പെടുത്തി. ബീഹാറിന്റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ തെളിഞ്ഞ വെള്ളം പോലെ അക്കാര്യം മനസിലാകും.
മറ്റൊരു കാര്യമെന്തെന്നാൽ ലാലു പ്രസാദിന്റെ വോട്ട് ബാങ്കായ യാദവ് സമുദായത്തിലുള്ളവർ കുർമി സമുദായത്തിൽപ്പെട്ട നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലാലു പ്രസാദിനെ പിന്തുണയ്ക്കുന്ന മുസ്ലീം സുമാദയവും നിതീഷ് കുമാറിനോട് വിമുഖത കാട്ടും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുന്നേ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ യാദവ്, മുസ്ലീം സുമാദയങ്ങൾ പൂർണ മനസോടെ സഖ്യത്തിനൊപ്പം നിൽക്കാനിടയില്ല. അവരുടെ പിന്തുണ വേണമെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ വെളിപ്പെടുത്തരുതെന്നും തിരഞ്ഞെടുപ്പിന് ശേഷം അനുയോജ്യമായ ആളെ തിരഞ്ഞെടുക്കാമെന്നും ലാലു പ്രസാദ് വീണ്ടും ആവർത്തിച്ചു.
പക്ഷേ, നിതീഷുണ്ടോ വിട്ടുകൊടുക്കുന്നു. ഇക്കാരണങ്ങളൊക്കെ ലാലുവിന്റെ വെറും പുക മറയാണെന്നും തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ലാലു മടിക്കുന്നതിന്റെ യഥാർത്ഥ കാര്യവും നിതീഷിന് ബോധ്യമുണ്ടായിരുന്നു. ലാലുവിന് തന്നെ ഒരു കളിപ്പാവ ആക്കി മാറ്റാനാണ് ഉദ്ദേശമെന്നും അയാൾ പറയുന്നതനുസരിച്ച് തന്നെ ചലിപ്പിക്കാനാണ് ലക്ഷ്യമെന്നുമായിരുന്നു നിതീഷ് തന്റെ അടുത്ത അനുയായികളോട് തുറന്നു പറഞ്ഞത്.
ആഴ്ചകൾ കടന്നുപോയിട്ടും ലാലു അയഞ്ഞില്ല. ഒടുവിൽ നിതീഷ് തന്റെ ഭാഗത്ത് നിന്നും വിട്ടുവീഴ്ചയ്ക്ക് തയാറായി. അങ്ങനെയിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയിൽ നിന്നും സ്വതന്ത്രമായി കോൺഗ്രസുമായി സഖ്യം രൂപീകരിക്കാൻ നിതീഷിനെ രാഹുൽ ഗാന്ധി ക്ഷണിച്ചത്. നിതീഷ് കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ധാരണയായി. ഈ സഖ്യം രൂപീകരണം ത്രികോണ മത്സരത്തിനിടെയാക്കുമെന്നും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കുമെന്നും നിതീഷ് കുമാറിന് ധാരണയുണ്ടായിരുന്നു.
നിതീഷിന് കോൺഗ്രസുമായുള്ള കൂട്ടുകെട്ട് ലാലുവിൽ അസ്വസ്തതയുണ്ടാക്കി. ഒടുവിൽ ജെ.ഡി.യു - ആർ.ജെ.ഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ തന്നെ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് അന്ന് നിതീഷിനെ മുഖ്യമന്ത്രിയായി സ്ഥാനാർത്ഥിയാക്കാൻ സമ്മതിച്ചു എന്ന ചോദ്യത്തിന് വർഗീയതയുടെ സർപ്പത്തെ തകർക്കാൻ എല്ലാ തരത്തിലുള്ള വിഷം കുടിക്കാനും താൻ തയാറാണെന്നായിരുന്നു ലാലുവിന്റെ മറുപടി.
ഇതിനിടെ ലാലുവിന്റെ ഈ പ്രസ്താവന നിതീഷ് കുമാറിനെ അസ്വസ്തനാക്കി. ആർ.ജെ.ഡിയുമായുള്ള ബന്ധം വിട്ട് കോൺഗ്രസിനൊപ്പം നില്ക്കാൻ അന്ന് നിതീഷ് ആഗ്രഹിച്ചിരുന്നു. നിതീഷ് കോൺഗ്രസുമായി കൈകോർത്തിരുന്നെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വൻ വഴിത്തിരിവ് ആകുമായിരുന്നുവെന്ന് മുതിർന്ന ജെ.ഡി.യു നേതാക്കൾ പറയുന്നു. നിതീഷിന് നേരെ വച്ചുനീട്ടിയ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ മുലായം ഉൾപ്പെടെയുള്ള സമ്മർദ്ദം ചെലുത്തി. എന്നാൽ അത് സ്വീകരിച്ചാൽ കോൺഗ്രസുമായുള്ള സഖ്യത്തിൽ തന്റെ പ്രാധാന്യം നഷ്ടമാകുമെന്ന് നിതീഷിന് തോന്നി. ആർ.ജെ.ഡി വർഷങ്ങളായി കോൺഗ്രസിന്റെ സഖ്യകക്ഷി ആയിരുന്നു.
എന്നാൽ ആർ.ജെ.ഡി സഖ്യത്തിനും ഗുണങ്ങളുണ്ട്. ഒടുവിൽ നിതീഷ് ആർ.ജെ.ഡിയുടെ ഓഫർ സ്വീകരിച്ചു. ഒടുവിൽ ജെ.ഡിയു - ആർ.ജെ.ഡി - കോൺഗ്രസ് എന്നിവർ ചേർന്ന് ബി.ജെ.പിയ്ക്കെതിരെ ' മഹാഗദ്ബന്ധൻ ' സഖ്യമായി മത്സരിക്കാൻ ധാരണയിലെത്തി. അഞ്ചു മാസൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡിയു - ആർ.ജെ.ഡി - കോൺഗ്രസ് സഖ്യം 243ൽ 178 സീറ്റ് സ്വന്തമാക്കി ബി.ജെ.പിയെ കീഴടക്കി. ശക്തനായ നേതാവിലേക്കുള്ള നിതീഷ് കുമാറിന്റെ വേഗത്തിലുള്ള വളർച്ചയായിരുന്നു പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |