കൊടുമൺ: കൊടുമൺ കേന്ദ്രീകരിച്ച് ഫയർഫോഴ്സ് യൂണിറ്റ് വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച വൈകിട്ട് വയലിൽ ഉഴുതു കൊണ്ടിരുന്ന ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ട്രാക്ടർ മാറ്റുന്നതിന് സാധിച്ചില്ല. തുടർന്ന് പത്തനംതിട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് ദിലീപിനെ പുറത്തെടുത്തത്. അടൂർ ഗവ.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരുപക്ഷേ നേരത്തെ ഫയർഫോഴ്സിന് എത്താൻ സാധിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ഏറെനാളായി പഞ്ചായത്ത് കമ്മിറ്റി ആവശ്യമുയർത്തിയിരുന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഏക്കറ് കണക്കിന് റബർ തോട്ടം പഞ്ചായത്ത് പരിധിയിലുണ്ട്. ഇവിടെ യഥാസമയങ്ങളിൽ ഫയർ ലൈൻ തെളിക്കാത്തത് കാരണം എല്ലാ വർഷവും തീപിടിത്തം പതിവാണ്. അടൂരിൽ നിന്നോ പത്തനംതിട്ടയിൽ നിന്നോ ഫയർഫോഴ്സ് സംഘമെത്തി വേണം നടപടി സ്വീകരിക്കാൻ. രണ്ടിടത്തു നിന്നും കൊടുമണ്ണിലേക്ക് ദൂരം കൂടുതലായതിനാൽ കാലതാമസമെടുക്കുമെന്നതിനാൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുവാൻ കാരണമാകാറുണ്ട്.
ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് നാട്ടിൻപുറങ്ങളിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണയ്ക്കേണ്ട ഗതികേടിലാണ് പഞ്ചായത്ത് നിവാസികൾ. എന്നാൽ ഇത് വൻ അപകടങ്ങൾക്കിടയാക്കിയേക്കാം. നാട്ടിൻപുറങ്ങളെ കൂടാതെ പ്ലാന്റേഷൻ മേഖലകളിൽ തീ പിടിക്കുമ്പോഴാണ് പ്രദേശവാസികളും തൊഴിലാളികളും ഏറെ ഭയക്കുന്നത്. ഫയർ ലൈൻ തെളിക്കാത്തത് മൂലം എത് സമയത്തും തീ പടർന്ന് പിടിക്കാവുന്ന സ്ഥിതിയാണ് നിലവിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |