SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.19 PM IST

അമ്പലങ്ങളിൽ അന്തിത്തിരി മങ്ങി

temple

 വരുമാനക്കുറവ്, നടത്തിപ്പ് പ്രതിസന്ധിയിൽ

കൊല്ലം: അൺലോക്ക് നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനാനുമതി നൽകിയെങ്കിലും വരുമാനത്തിൽ വൻ ഇടിവ്. നിത്യപൂജയ്ക്കും ജീവനക്കാരുടെ ശമ്പളത്തിനും വൈദ്യുതി ചാർജിന് പോലും പലക്ഷേത്രങ്ങളിലും വകയില്ല.

നീക്കിയിരിപ്പിൽ നിന്ന് നിത്യനിദാന ചെലവുകൾ നിർവഹിച്ചിരുന്ന ക്ഷേത്രങ്ങളിൽ അതും തീർന്നതോടെ ഭരണസമിതിയംഗങ്ങളുടെയും വിശ്വാസികളുടെയും ഔദാര്യത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

ദേവസ്വം ബോർഡ്,​ സ്വകാര്യ ട്രസ്റ്റുകൾ,​ കരക്കാർ, കുടുംബക്കാർ എന്നിവരുടെ വകയായി ചെറുതും വലുതുമായി അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്. ലോക്ക് ഡൗണിന് മുൻപ് വരെ നല്ലൊരുതുക മിച്ചം വന്നിരുന്ന ക്ഷേത്രങ്ങളിലെല്ലാം കഴിഞ്ഞ ആറുമാസമായി കാൽക്കാശിന് വരുമാനമില്ല. കൊവിഡ് ഭീതിയിൽ ഭക്തരുടെ വരവ് കുറഞ്ഞതാണ് വരുമാനത്തെ പിന്നോട്ടടിച്ചത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം വിഷു,​ രാമായണമാസാചാരണം,​ ചിങ്ങപ്പിറവി, ​ശ്രീകൃഷ്ണ ജയന്തി തുടങ്ങി വിശേഷ ദിനങ്ങളാണ് കടന്നുപോയത്. വിഷുദിനത്തിൽ പോലും ഭക്തർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ചിങ്ങമാസപ്പിറവിയോടെയാണ് നിയന്ത്രണ വിധേയമായി ഭക്തരെ പ്രവേശിപ്പിച്ചത്.

ചിങ്ങപ്പുലരിയിലും ഓണദിനങ്ങളിലും മിക്ക ക്ഷേത്രങ്ങളിലും ഭക്തർ ദ‌ർശനത്തിനെത്തിയെങ്കിലും തൊഴുത് മടങ്ങിയെന്നല്ലാതെ വഴിപാടുകൾക്കോ വിശേഷാൽ പൂജകൾക്കോ അധികമാരും തയ്യാറായില്ല. കാണിക്കയും നേർച്ചകളും സംഭാവനകളും പൂജാദികാര്യങ്ങളിലെ വരുമാനവുമാണ് ക്ഷേത്രങ്ങളിലെ ധനാഗമനമാർഗം. കൊവിഡും സാമ്പത്തിക പ്രതിസന്ധിയും വിദേശങ്ങളിൽ നിന്നുള്ള ഭക്തരുടെ സംഭാവനകൾ കുറഞ്ഞതുമെല്ലാം ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.

 പടി കടക്കാതെ പ്രായമായവർ

പതിവായി ക്ഷേത്രദർശനം നടത്തിയിരുന്ന പ്രായമായവരിൽ പലരും കൊവിഡിനെ ഭയന്ന് വീടിന് പുറത്തിറങ്ങുന്നില്ല. പ്രായമായവരാണ് തങ്ങളുടെയും മക്കളുടെയും ചെറുമക്കളുടെയും അഭിവൃദ്ധിക്കായി ക്ഷേത്രങ്ങളിൽ പൂജകൾക്കും വഴിപാടുകൾക്കും ധാരാളം പണം ചെലവഴിക്കുക. വഴിപാടുകളുടെയും പൂജകളുടെയും പണത്തിന് പുറമേ വിശേഷ ദിവസങ്ങളിൽ പൂജാരി,​ കഴകം,​ അടിച്ചുതളി എന്നിവർക്ക് ദക്ഷിണയും ഇവർ നൽകാറുണ്ട്. ഇവരുടെ വരവ് നിലച്ചത് ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നല്ല ഇടിവുണ്ടാക്കി.

 ജില്ലയിലെ ക്ഷേത്രങ്ങൾ: 5,​000

(ഏകദേശം)

 നേരിടുന്ന പ്രതിസന്ധികൾ

1. വിശേഷാൽ പൂജകളും ചടങ്ങുകളും നിലച്ചിട്ട് മാസങ്ങൾ

2. കണ്ടെയ്ൻമെന്റ് സോൺ, പൊതുഗതാഗത നിയന്ത്രണവും ഭക്തജനങ്ങളെ അകറ്റി

3. ചിങ്ങം ഒന്ന് മുതൽ ദർശനം അനുവദിച്ചെങ്കിലും പലയിടത്തും പ്രസാദം, വഴിപാട് വിതരണമില്ല

3. കന്നിമാസത്തിലെ ആയില്യം,​ നവരാത്രി ആഘോഷങ്ങളിൽ അധികം ഭക്തജന സാന്നിദ്ധ്യമുണ്ടാകേണ്ട അവസരങ്ങളാണ്

5. കൊവിഡ് വ്യാപനം തുടർന്നാൽ നവരാത്രി സംഗീതോത്സവവും പൂജവയ്ക്കലുമെല്ലാം ചടങ്ങിലൊതുങ്ങും

''

ദേവസ്വം ബോ‌ർഡിന്റേതൊഴികെ സ്വകാര്യ ട്രസ്റ്റുകളുടെയും കുടുംബക്കാരുടെയും ക്ഷേത്രങ്ങളിൽ പലതിലും വരുമാനം കുറഞ്ഞതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെയും എണ്ണം കുറച്ചു.

ക്ഷേത്രം ഭാരവാഹി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL