തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്ത് സമരം ശക്തമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ പോരായ്മ ഇല്ലെന്നും സ്വാഭാവിക കാലതാമസമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. താഴേത്തട്ടിലേക്ക് സമരം ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കം. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പി കോർ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരങ്ങൾ നിർത്തില്ലെന്നും സമരവുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് സർവകക്ഷി യോഗത്തിൽ അറിയിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരവുമായി മുന്നോട്ട് പോകും.
അതേ സമയം, കോൺഗ്രസ് സി.പി.എമ്മുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നും ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് സമരം പിൻവലിച്ചതെന്നും സുരേന്ദ്രൻ വിമർശിച്ചു. യു.ഡി.എഫ്, സി.പി.എമ്മിന് മുന്നിൽ മുട്ടുമടക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു. ബി.ജെ.പി പാർട്ടി പുനഃസംഘടനയിൽ സംസ്ഥാന നേതാക്കൾക്ക് അതൃപ്തി ഇല്ലെന്നും മറിച്ചുള്ള പ്രചാരണം മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |