കാസർകോട്: കൊവിഡ് ലക്ഷണമുള്ളവരെ വീടുകളിൽ പോയും ലാബിലേക്ക് വിളിപ്പിച്ചും പരിശോധന നടത്തി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനം നൽകുന്ന വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് വിമാനത്താവളം അധികൃതർ മുന്നറിയിപ്പു നൽകി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് കണ്ണൂർ, കരിപ്പൂർ വിമാനത്താളം അധികൃതർ ഇതുസംബന്ധിച്ച് കർക്കശനിലപാട് സ്വീകരിച്ചത്.
കാസർകോട് ഡി.എം.ഒ ഡോ. എ.വി രാംദാസ് നൽകിയ പരാതിയിൽ വ്യാജ കൊവിഡ് ടെസ്റ്റ് നടത്തുന്ന ലാബുകളിൽ പരിശോധന നടത്തി വിവരങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ സ്രവം എടുത്തു ടെസ്റ്റ് നടത്തി നൽകുന്ന സർട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്നാണ് മലബാറിലെ രണ്ടു വിമാനത്താവളം അധികൃതരും വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ കോഴിക്കോട് കേന്ദ്രത്തിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗൾഫിലേക്ക് പറക്കാൻ എത്തിയ പ്രവാസികളെ കഴിഞ്ഞ ദിവസങ്ങളിൽ ഇരു വിമാനത്താവളങ്ങളിലും തടഞ്ഞിരുന്നു. ഇതേ തുടർന്ന് നിരവധി പേരുടെ വിദേശ യാത്ര മുടങ്ങുകയും ചെയ്തു. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഗൾഫിൽ എത്തിയ ശേഷം നടത്തിയ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ തട്ടിപ്പ് വെളിച്ചത്തുവന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാബ് അടക്കം രാജ്യത്തെ നാല് ലാബുകൾക്കെതിരെ സൗദി വിദേശകാര്യമന്ത്രാലയം നിലപാട് കടുപ്പിച്ചിരുന്നു. അനുമതിയില്ലാത്ത കേന്ദ്രങ്ങളുടെ സർട്ടിഫിക്കറ്റ് പരിഗണിക്കേണ്ടെന്നായിരുന്നു നിർദ്ദേശം. സ്രവം എടുത്തശേഷം കൃത്യമായ പരിശോധന നടത്താതെ കൂടുതൽ തുക വാങ്ങി പ്രവാസികൾക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അടിച്ചു കൊടുക്കുന്നതായിരുന്നു ഇവരുടെ പതിവ്. ജോലി നഷ്ടപ്പെടാതിരിക്കാനും മറ്റ് അടിയന്തിര കാര്യങ്ങൾക്കുമായി ഗൾഫിലേക്ക് പോകുന്ന പ്രവാസികളെ ചൂഷണം ചെയ്താണ് ഇത്തരം സ്വകാര്യലാബുകളുടെ പ്രവർത്തനം.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കോഴിക്കോട്ടെ ലാബ് ഫ്രാഞ്ചൈസി തുടങ്ങിയത്. ഇവരുടെ മലപ്പുറത്തെ ഫ്രാഞ്ചസിയിലുള്ള ലാബ് 2500 പേരുടെ സ്രവം എടുത്ത ശേഷം കുറച്ചുപേരുടെ സ്രവം മാത്രം ടെസ്റ്റ് ചെയ്ത് മറ്റുള്ളവർക്ക് ടെസ്റ്റ് നടത്താതെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ മഞ്ചേശ്വരം, തൃക്കരിപ്പൂർ കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ നടത്തിയ ടെസ്റ്റുകൾ സംബന്ധിച്ച് പൊലീസ് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാബിന്റെ ഫ്രാഞ്ചൈസി തട്ടിപ്പിനെ കുറിച്ച് ലഭിച്ച പരാതിയിൽ കാസർകോട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റിന്റെ മറവിലുള്ള ഇത്തരം ഏർപ്പാടുകൾ തടയാൻ കർശന നടപടി സ്വീകരിക്കും
ഹരിശ്ചന്ദ്ര നായ്ക്ക്
( കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |