ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായ അൺലോക്ക് 5ന്റെ മാർഗനിർദ്ദശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. തിയേറ്ററുകൾ, മൾട്ടി പ്ലെക്സുകൾ എന്നിവ ഉപാധികളോടെ തുറക്കാം. തിയേറ്ററുകളിൽ പകുതി സീറ്റുകളിൽ ( 50 ശതമാനം കാണികൾ ) മാത്രമാണ് പ്രവേശനം. തിയേറ്റർ തുറക്കുന്നതിനായുള്ള വിശദമായ മാർഗ നിർദ്ദേശം ഉടൻ പുറത്തിറങ്ങും. ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളേജും തുറക്കാം. എന്നാൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങളാണ് സ്വീകരിക്കേണ്ടത്. ഒക്ടോബർ 15 മുതൽ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്താണ് ഇളവുകൾ നിലവിൽ വരിക.
ഒക്ടോബർ 15ന് ശേഷം സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്ന രീതിയ്ക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്ന് കേന്ദ്രം അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച ശേഷം വേണം തീരുമാനം സ്വീകരിക്കാൻ. സമാന്തര ഓൺലൈൻ ക്ലാസുകൾക്കും അനുമതിയുണ്ട്. സാമൂഹ്യ അകലം പാലിച്ചു കൊണ്ട് സന്ദർശകരുടെ എണ്ണം നിയന്ത്രിച്ച് പാർക്കുകൾ, പ്രദർശന ഹാളുകൾ എന്നിവ തുറക്കാൻ അനുമതിയുണ്ട്.
സ്വിമ്മിംഗ് പൂളുകൾക്ക് തുറക്കാൻ അനുമതിയുണ്ട്. സ്കൂളുകൾ തുറന്നാൽ തന്നെ കുട്ടികളെ പ്രവേശിപ്പിക്കാൻ മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതപത്രം അനിവാര്യമാണ്. ക്ലാസിൽ ഹാജരാകാൻ നിർബന്ധിക്കാൻ പാടില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തിലും വിശദമായ ചർച്ചയ്ക്ക് ശേഷമേ സംസ്ഥാനങ്ങൾ തീരുമാനമെടുക്കാൻ പാടുള്ളൂ. പി.ജി, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബർ 15 മുതൽ അവസരം നൽകാം.
കൂട്ടായ്മകൾക്ക് പരമാവധി നൂറു പേർ എന്ന നിയന്ത്രണത്തിൽ ഇളവ് നൽകിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ 200 പരെ വരെ അനുവദിച്ചു. തുറന്ന ഗ്രൗണ്ടുകളിൽ സ്ഥലപരിമിതി അനുസരിച്ച് കൂടുതൽ പേരെ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |