തിരുവനന്തപുരം: പ്രശസ്‌ത സംഗീതജ്ഞനും വയലിനിസ്‌റ്റുമായ ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഡി.ആർ.ഐയിൽ നിന്ന് 2019ലെ സ്വർണക്കടത്തിനെ കുറിച്ചുളള വിവരങ്ങളും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഡി.ആർ.ഐയിൽ നിന്നും സി.ബി.ഐ വാങ്ങി. ബാലഭാസ്‌കറിന്റെ മാനേജറായ പ്രകാശൻ തമ്പി, സുഹൃത്തായ വിഷ്‌ണു സോമസുന്ദരം എന്നിവരായിരുന്നു ഈ കേസിലെ പ്രതികൾ. പലതവണ തിരുവനന്തപുരം വിമാനത്താവളം വഴി ഇവർ സ്വർണം കടത്തിയിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് അന്ന് ആരോപണം ഉയർന്നു. അപകടം നടന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന കലാഭവൻ സോബി ഇവിടെ സ്വർണക്കടത്ത് കേസ് പ്രതികളെ കണ്ടതായി അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്‌തിരുന്നു. 2019 മേയ് 13നാണ് 25 കിലോ സ്വർണവുമായി പ്രകാശൻ തമ്പിയും വിഷ്‌ണു സോമസുന്ദരവും പിടിയിലായത്. 2018 സെപ്‌തംബർ 25ന് പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടതും ബാലഭാസ്‌കറും മകളും മരണത്തിന് കീഴടങ്ങിയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |