പിടിയിലായത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ
കൊല്ലം: ആഡംബര കാറിൽ കറങ്ങി ബാറ്ററി മോഷണം പതിവാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം ഇട്ടിവ ഷിയാന മൻസിലിൽ ഷിനാസ് (19), ഇട്ടിവ ചെറുതേൻ കുഴിയിൽ തൻസീർ (21), ഇട്ടിവ കുറ്റിയാംമൂട്ടിൽ മേലതിൽ മുനീർ (19), മഞ്ഞപ്പാറ ഷഹന മൻസിലിൽ ഷംനാദ് (21) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ കുണ്ടുമൺ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. വാഹനത്തിൽ വ്യത്യസ്ത വിധത്തിലുള്ള ഉപകരണങ്ങളും കാറിന്റെ ഡിക്കിയിൽ മൂന്നോളം ബാറ്ററികളും കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യംചെയ്യലിൽ വാടകയ്ക്കെടുത്ത ആഡംബര കാറുകളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ പതിച്ചശേഷം അതിൽ കറങ്ങിനടന്ന് വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നതായി ഇവർ സമ്മതിച്ചു.
രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്നാണ് മോഷണം നടത്തിയിരുന്നത്. കാറിലുണ്ടായിരുന്ന ബാറ്ററികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷകളിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. ബാറ്ററികൾ വിറ്റുകിട്ടുന്ന പണം വാഹനത്തിന്റെ വാടകയ്ക്കും ആഡംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി വിപിൻ കുമാർ, എസ്.ഐ രഞ്ജിത്ത്, രാജേന്ദ്രൻപിള്ള, സുന്ദരേശൻ, പ്രൊബോഷൻ എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ നിസാമുദ്ദീൻ, സി.പി.ഒ മണികണ്ഠൻ, സന്തോഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |