കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി തീർപ്പാക്കി. കേസിൽ ശിവശങ്കർ നിലവിൽ പ്രതിയല്ലെന്ന് എൻ.ഐ.എ അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. അറസ്റ്റിനുളള സാദ്ധ്യത മുൻനിർത്തിയാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, കേസിൽ പ്രതിയല്ലെന്ന് എൻ.ഐ.എ അറിയിച്ചത് ശിവശങ്കറിന് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ അപക്വമാണെന്നും അതിനാൽ ഇത് പരിഗണിക്കേണ്ടെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം. ഈ പരാമർശം അംഗീകരിച്ചുകൊണ്ടാണ് കോടതി ഹർജി തീർപ്പാക്കിയത്. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകൻ ഹർജി തീർപ്പാക്കാൻ അനുവദിക്കുകയും ചെയ്‌തു.
സ്വർണക്കടത്ത് കേസിൽ ഇതുവരെ 11 തവണയായി അന്വേഷണ ഏജൻസികൾ നൂറു മണിക്കൂറിലേറെ തന്നെ ചോദ്യം ചെയ്‌തെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്‌ത കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ച കോടതി ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |