തൃശൂർ: കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഒരാഴ്ചയായി വൻ വർദ്ധനവുണ്ടായ സാഹചര്യത്തിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. അതിനിയന്ത്രിത മേഖലയായി കണക്കാക്കുന്ന 31 പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അവലോകന യോഗം തീരുമാനിച്ചു.
ഈ പഞ്ചായത്തുകളെ ചേർത്ത് താലൂക്ക് അടിസ്ഥാനത്തിൽ എം.എൽ.എമാർ, തഹസിൽദാർമാർ, ജനപ്രതിനിധികൾ, കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവരുടെ അടിയന്തരയോഗം വിളിക്കും. അടച്ചിടൽ വേണ്ടിവരുന്ന സാഹചര്യമുണ്ടെങ്കിൽ ആലോചിച്ച് അതും നടപ്പാക്കാമെന്ന് മന്ത്രി പറഞ്ഞു. സെക്ടറൽ മജിസ്‌ട്രേറ്റുമാർ പൊലീസുമായി സഹകരിച്ച് പരിശോധന കർശനമാക്കും.
തിരക്ക് കൂടുന്ന വൈകുന്നേരങ്ങളിൽ പരിശോധന കർശനമാക്കും. തൃശൂർ ശക്തൻ മാർക്കറ്റ് അടച്ച സാഹചര്യത്തിൽ, അനധികൃത ചന്തകൾ തടയാൻ കർശന നടപടി സ്വീകരിക്കും. കൊവിഡ് വ്യാപനമുള്ള മേഖലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കർമപദ്ധതി തയ്യാറാക്കും. 27ന് റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ വീടുകളിൽ ബോധവത്കരണ സന്ദേശം നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വാർഡ് തല പ്രവർത്തനം ശക്തിപ്പെടുത്തും. കണ്ടെയ്ൻമെന്റ് സോണുകളിലെ ജാഗ്രതക്കുറവ് പരിഹരിക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം ഊർജിതമാക്കും. ഈ ഒരാഴ്ചക്കാലം, നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടി സ്വീകരിക്കാം. ഡെപ്യൂട്ടി കളക്ടർമാർ, പൊലീസ് എന്നിവരുടെ സേവനം ഊർജിതമാക്കാനും മന്ത്രി നിർദ്ദേശം നൽകി.
ചികിത്സാരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർദേശിച്ചു. പഞ്ചായത്ത് മെമ്പർമാർ, ആർ.ആർ.ടി പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ നേരിട്ട് ഫീൽഡിലിറങ്ങി നടത്തിയ പ്രവർത്തനം തുടരണം. എങ്കിൽ മാത്രമേ കൊവിഡ് വ്യാപനം കുറയ്ക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ മുരളി പെരുനെല്ലി, ബി.ഡി ദേവസി, ഇ.ടി. ടൈസൺ മാസ്റ്റർ, കളക്ടർ എസ്. ഷാനവാസ്, എ.ഡി.എം റെജി ജോസഫ്, ഡി.എം.ഒ ഡോ. കെ.ജെ റീന, ഡി.പി.എം ഡോ. സതീശൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്. പി ആർ. വിശ്വനാഥൻ, പഞ്ചായത്ത് സെക്രട്ടറിമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
1020 പേർക്ക് കൂടി കൊവിഡ്
തൃശൂർ : ജില്ലയിൽ 1020 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 32,255 ആണ്. 22,903 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1,016 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ ഉറവിടം അറിയില്ല. നാല് ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 64 പുരുഷന്മാരും 65 സ്ത്രീകളും പത്ത് വയസിനു താഴെ 44 ആൺകുട്ടികളും 45 പെൺകുട്ടികളുമുണ്ട്.
ക്ലസ്റ്ററുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |