കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് രൂപീകരിച്ച മുൻ നിലപാടിൽ നിന്ന് മാറ്റം വരുത്തി നേപ്പാൾ. ആവേശം കെട്ടടങ്ങിയതോടെ രാജ്യത്തിന്റെ പഴയ ഭൂപടം ഉപയോഗിച്ച് വിജയദശമി ആശംസകള്‍ നേര്‍ന്ന നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി വിവാദത്തിൽ. വിജയദശമി ആശംസകള്‍ നേര്‍ന്ന കാർഡുകളിൽ രാജ്യത്തിന്റെ പഴയ ഭൂപടമാണ് ഉണ്ടായിരുന്നത്. ദേശീയ ചിഹ്നവും ഒലിയുടെ രൂപവും ഉള്ള കാര്‍ഡില്‍ നേപ്പാള്‍ അവകാശപ്പെടുന്ന ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ഇത് സാങ്കേതിക തകരാർ മൂലമാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
പുതിയ മാപ്പ് ഉള്‍പ്പെടുത്തിയിരുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ ആറാഴ്ച മുമ്പ് ഉത്തരവിട്ടതും ഒലി തന്നെയാണ്. ഇതോടെ മുൻ നിലപാടുകളിൽ നിന്ന് പ്രധാനമന്ത്രി പിന്നോട്ട് പോയിയെന്നും പ്രദേശിക പ്രശ്നത്തില്‍ ദേശീയ സമവായത്തിന് പിന്നിലെ മനോഭാവത്തെ ദുര്‍ബലപ്പെടുത്തിയെന്നും എന്നാരോപിച്ച് ഒലിയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വിമർശനം ഉയരുന്നുണ്ട്.
ഒലി വിജയദശമി ആശംസകള്‍ അറിയിക്കാന്‍ ഉപയോഗിച്ച ഗ്രീറ്റിംഗ് കാര്‍ഡ് പുതിയതായിരുന്നു, പക്ഷേ അതിന്റെ വലിപ്പം കാരണം പുതിയ പ്രദേശങ്ങള്‍ കാണാനായില്ല, ഒലിയുടെ ഉപദേഷ്ടാവ് സൂര്യ താപ്പ വ്യക്തമാക്കി. കലാപാനി മേഖലയിൽ ഉള്ള അവകാശവാദം നേപ്പാള്‍ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് ഒലിയുടെ വിദേശകാര്യ ഉപദേഷ്ടാവ് രാജന്‍ ഭട്ടറായി പറഞ്ഞു.
പുതിയ മാപ്പ് ഉള്‍പ്പെടുത്തിയിരുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ആറാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. ഒന്‍പത്, പന്ത്രണ്ടാം ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 110 പേജുള്ള ''നേപ്പാളിലെ ഭൂപ്രദേശത്തെക്കുറിച്ചുള്ള സ്വയം പഠന സാമഗ്രികള്‍'' എന്ന പുസ്തകമാണ് പിന്‍വലിച്ചത്. ഇന്ത്യയുമായി തര്‍ക്കമുള്ള പ്രദേശം വീണ്ടെടുക്കാനുള്ള പ്രചാരണത്തെക്കുറിച്ചുള്ള ഒരു അധ്യായവും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി തന്നെയാണ് നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. നേപ്പാള്‍ ഭൂപടം പരിഷ്‌കരിക്കുന്നതിനായി പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ അനുമതി നല്‍കിയത് മെയ് മാസത്തിലാണ്. ഭേദഗതിക്ക് നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |