ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന ആക്രമിച്ചു. ഒരാൾക്ക് പരിക്കേറ്റു. രാമേശ്വരം സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുളളവരും തമിഴ്നാട് സ്വദേശികളാണ് എന്നാണ് അറിയുന്നത്. ശ്രീലങ്കൻ സേന കല്ലെറിഞ്ഞെന്നും തങ്ങളുടെ മീൻപിടിക്കാനുളള വലകൾ വലിച്ചുകീറിയെന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അതിർത്തി ലംഘിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ശ്രീലങ്കൻ സൈന്യത്തിന്റെ നടപടിമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് തൊഴിലാളികൾക്ക് ഉണ്ടായത്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
നേരത്തേയും അതിർത്തി ലംഘിച്ചു എന്നാരോപിച്ച് ശ്രീലങ്കൻ സേന ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിട്ടുണ്ട്. വിഷയം തമിഴ്നാട് സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാനുളള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പുതിയ സംഭവവും സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |