ന്യൂഡൽഹി: രാജ്യത്ത് അൺലോക്ക് 5.0 നവംബർ 30 വരെ നീട്ടി. കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അടുത്തമാസം 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒക്‌ടോബർ 15 മുതൽ സിനിമ തീയേറ്ററുകൾ കൊവിഡ് മാർഗനിർദ്ദേശം അനുസരിച്ച് 50 ശതമാനം സീറ്റുകളിൽ ഇരിക്കാൻ അനുവദിച്ച് പ്രവർത്തനം തുടങ്ങാനും സ്വമ്മിംഗ് പൂളുകളിൽ പരിശീലനം പുനരാരംഭിക്കാനും അനുമതി നൽകി. എന്നാൽ അന്തിമതീരുമാനം ഇക്കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് സ്വീകരിക്കാം.
രാജ്യത്ത് കണ്ടെയിൻമെന്റ് സോണുകൾക്ക് വെളിയിലായി സാമ്പത്തികനില പഴയ നിലയിലേക്ക് മടങ്ങിവന്ന് തുടങ്ങിയതായും മെട്രോ,മാളുകൾ, ഹോട്ടലുകൾ, ആരാധനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളോടെ തുറന്ന് നൽകിയെന്നും എന്നാൽ സ്‌കൂളുകൾ തുറക്കുന്നതിന് അതാത് സർക്കാരുകൾക്ക് വിട്ടുകൊടുത്തതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അൺലോക്ക് 5 പ്രകാരം നിയന്ത്രണങ്ങളോടെ അനുവദിച്ച കാര്യങ്ങൾ ഇവയാണ്. ആഭ്യന്തര മന്ത്രാലയം നിഷ്‌കർഷിക്കുന്ന തരത്തിൽ അന്താരാഷ്‌ട്ര വിമാനയാത്രയ്ക്ക് അനുമതി നൽകി. കായിക താരങ്ങൾക്ക് സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാം.ബിസിനസ് ടു ബിസിനസ് ആവശ്യങ്ങൾക്കായി എക്‌സിബിഷൻ ഹാളുകൾ ഉപയോഗിക്കാം. 50 ശതമാനം ഇരിപ്പിടങ്ങൾ ഉപയോഗിച്ച് സിനിമ,തീയേറ്ററുകൾ, മൾട്ടിപ്ളക്‌സുകൾ എന്നിവ പ്രവർത്തിപ്പിക്കാം.
സ്‌പോർട്സ്, അക്കാദമിക്,സാംസ്‌കാരിക പരിപാടികൾ അടച്ചിട്ട സ്ഥലങ്ങളിൽ ഹാളിന്റെ പരമാവധിയുടെ 50 ശതമാനം മാത്രം ഉപയോഗിച്ച് 200 പേരെ വരെ മാത്രം ഉപയോഗിച്ച് നടത്താം.ഇതല്ലാത്ത മറ്റ് പരിപാടികൾ അതാത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് തീരുമാനിച്ച് നടത്താവുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ കൊവിഡ് കണക്കിൽ കുത്തനെ കുറവ് രേഖപ്പെടുത്തിയതിനാലാണ് അൺലോക്ക് കാലാവധി നീട്ടുന്നതിന് സർക്കാരിന് തുണയായത്. ചൊവ്വാഴ്‌ച 24 മണിക്കൂറിനിടെ രാജ്യത്ത് 36,469 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 488 മരണങ്ങളും. രാജ്യത്താകെ ഇതുവരെ 1,19,502 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. 6,25,857 ആക്‌ടീവ് കേസുകളാണ് രാജ്യത്താകെയുളളത്. 24 മണിക്കൂറിൽ 27,860 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |