തിരുവനന്തപുരം: ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ. അകിരാ മിയാവാക്കി വികസിപ്പിച്ചെടുത്ത വന നിർമാണ മാതൃകയിൽ കനകക്കുന്നിൽ നട്ടുപിടിപ്പിച്ച മിയാവാക്കി കാടുകൾക്ക് ഒന്നേമുക്കാൽ വർഷത്തിന്റെ വളർച്ച. ഏകദേശം അഞ്ചാൾ പൊക്കത്തിൽ വളർന്നു നിൽക്കുകയാണ് ഇവിടത്തെ മരങ്ങൾ. 2019 ജനുവരി 2ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് 120 ഇനങ്ങളിലുള്ള 426 ചെടികൾ അഞ്ചുസെന്റിൽ നട്ടുപിടിപ്പിച്ചത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിന് കാടുകളുടെ ആവശ്യകത മനസിലാക്കി വിനോദസഞ്ചാര വകുപ്പിനായി നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷൻ, ഓർഗാനിക് കേരള മിഷൻ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ മാതൃകാ സൂക്ഷ്‌മവനം നിർമിച്ചത്. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടുവളർത്തണമെന്നതാണ് മിയാവാക്കി രീതിയുടെ അടിസ്ഥാന തത്വം. എന്നാൽ ഇവിടെ 10 ശതമാനം അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്ക് ഭക്ഷണത്തിനും മറ്റുമായാണ് അങ്ങനെ ചെയ്‌തിരിക്കുന്നത്. ജൈവമിശ്രിതം തയ്യാറാക്കി നട്ട ഇവയ്‌ക്ക് പിന്നീട് വളമോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ല. താന്നി, ആര്യവേപ്പ്, രാമച്ചം, നൊച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, പലകപ്പയ്യാനി, വയ്യാങ്കഥ, അരയാൽ, പേരാൽ, ചമത, അശോകം തുടങ്ങിയവയാണ് നട്ടുവളർത്തിയ സസ്യങ്ങൾ.
മിയാവാക്കി വനം
ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിരാ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത മാതൃകയാണിത്. വേഗത്തിൽ ചെടികൾ വളർച്ച കൈവരിക്കുമെന്നതാണ് മിയാവാക്കി വനങ്ങളുടെ പ്രത്യേകത. സസ്യങ്ങൾ നടുന്നതിലെ പ്രത്യേകതകളാണ് ഇതിന് കാരണം. നൂറുവർഷം കൊണ്ട് ഒരു സ്വാഭാവിക വനം നേടുന്ന വളർച്ച 30 വർഷം കൊണ്ട് ഒരു മിയാവാക്കി വനം കൈവരിക്കും. ആഗോള തലത്തിൽ മിയാവാക്കി വനങ്ങൾ പ്രതിവർഷം ഒരു മീറ്റർ ഉയരത്തിൽ വളരുമ്പോൾ കേരളത്തിൽ മൂന്നര മീറ്ററിൽ കുറയാത്ത വളർച്ചയുണ്ടെന്ന് ഗവേഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |